പെലെയുടെ ഗോൾസ്കോറിങ് റെക്കോർഡ് തകർത്തുവെന്ന് നെയ്‌മർ കരുതേണ്ട, പുതിയ കണക്കുമായി ബ്രസീലിയൻ ക്ലബ് രംഗത്ത് | Neymar

ബൊളീവിയക്കെതിരെ ഇന്നു രാവിലെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ മിന്നുന്ന പ്രകടനമാണ് നെയ്‌മർ നടത്തിയത്. ബ്രസീൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ രണ്ടു ഗോളുകൾ സ്വന്തമാക്കിയ നെയ്‌മർ ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു. കഴിഞ്ഞ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പുറത്തായി നിരാശപ്പെടുത്തിയ ബ്രസീൽ അടുത്ത ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നുവെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

മത്സരത്തിൽ ആദ്യത്തെ ഗോൾ നേടിയപ്പോൾ തന്നെ നെയ്‌മർ ബ്രസീലിന്റെ എക്കാലത്തെയും ഇതിഹാസമായ പെലെയുടെ റെക്കോർഡ് മറികടന്നിരുന്നു. കരിയറിൽ ഏറ്റവുമധികം ഗോളുകൾ നേടിയ ബ്രസീലിയൻ താരമെന്ന പെലെയുടെ റെക്കോർഡാണ് നെയ്‌മർ സ്വന്തമാക്കിയത്. പെലെ ബ്രസീലിനായി 77 ഗോളുകൾ നേടിയപ്പോൾ ഇന്നത്തെ മത്സരത്തിലെ രണ്ടു ഗോളുകൾ അടക്കം നെയ്‌മറുടെ പേരിൽ 79 ഗോളുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വിരുദ്ധമായ അഭിപ്രായമാണ് പെലെയുടെയും നെയ്‌മറുടെയും മുൻ ക്ലബായ സാന്റോസിനുള്ളത്.

കഴിഞ്ഞ ദിവസം സാന്റോസ് ഇട്ട പോസ്റ്റ് പ്രകാരം പെലെ ബ്രസീൽ ടീമിനായി നേടിയിട്ടുള്ളത് 95 ഗോളുകളാണ്. അതുകൊണ്ടു തന്നെ നെയ്‌മർ ബ്രസീലിയൻ ഇതിഹാസത്തിനൊപ്പം എത്തിയിട്ടില്ലെന്നാണ് അവർ സൂചിപ്പിക്കുന്നത്. അതേസമയം ബ്രസീലിന്റെ എക്കാലത്തെയും മികച്ച രണ്ടു ഗോൾസ്കോറർമാർ തങ്ങളുടെ ക്ലബിലാണ് കളിച്ചിരുന്നതെന്നതിന്റെ സന്തോഷം സാന്റോസ് പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ നെയ്‌മർ പെലെയുടെ റെക്കോർഡ് മറികടന്നിട്ടില്ലെന്നു തന്നെയാണ് അവർ വ്യക്തമാക്കുന്നത്.

പെലെ ബ്രസീൽ ടീമിനായി 95 ഗോളുകൾ നേടിയിട്ടുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 77 ഗോളുകളാണ് താരത്തിന്റെ പേരിലുള്ളത്. ബാക്കിയുള്ള ഗോളുകൾ മുഴുവനും അപ്രധാനമായ സൗഹൃദമത്സരങ്ങളിലോ എക്‌സിബിഷൻ മാച്ചുകളിലോ ആണെന്നതാണ് അതൊന്നും കണക്കാക്കാതിരിക്കാൻ കാരണമായത്. എന്തായാലും ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

Santos FC Says Neymar Didnt Break Pele Record