മെസിയുടെ ഫ്രീകിക്ക് ടെക്‌നിക് കണ്ടെത്തി ആരാധകൻ, ഗോൾകീപ്പർക്ക് അനങ്ങാൻ പോലും കഴിയാത്തതിന്റെ കാരണമിതാണ് | Messi

കഴിഞ്ഞ ദിവസം ഇക്വഡോറിനെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ലയണൽ മെസിയുടെ ഗോളിലാണ് അർജന്റീന വിജയം നേടിയത്. മത്സരം സമനിലയിലേക്ക് പോകുമെന്നിരിക്കെയാണ് മെസി എഴുപത്തിയൊമ്പതാം മിനുട്ടിൽ ലഭിച്ച ഫ്രീകിക്കിൽ നിന്നും ടീമിന്റെ വിജയഗോൾ നേടുന്നത്. ഇതോടെ ഫ്രീ കിക്കുകളിൽ വളരെ അപകടകാരിയായി മാറുന്ന താരത്തിന്റെ മികവിനെ ഏവരും പ്രശംസിക്കുകയും ഗോൾ വീഡിയോ ആരാധകർക്കിടയിൽ വൈറലാവുകയും ചെയ്‌തു.

അതിനിടയിൽ ലയണൽ മെസി ആ ഫ്രീകിക്ക് ഗോളാക്കി മാറ്റിയതിന്റെ ടെക്‌നിക്ക് കണ്ടെത്തിയ ഒരു ആരാധകൻ അത് ട്വിറ്ററിൽ വെളിപ്പെടുത്തുകയുണ്ടായി. അദ്ദേഹം പറയുന്നത് പ്രകാരം ലയണൽ മെസിയുടെ മികവിനൊപ്പം ഡിഫൻസീവ് വോളിൽ നിൽക്കുന്ന അർജന്റീന താരങ്ങളും ആ ഫ്രീകിക്ക് ഗോളിൽ പ്രധാന പങ്കു വഹിക്കുന്നുണ്ടെന്നാണ്. ഗോൾകീപ്പർ എവിടേക്കാണ് പന്ത് പോകുന്നതെന്ന് മനസിലാക്കാൻ കഴിയാതെ അനങ്ങാതെ നിന്നു പോകുന്നത് ഈ താരങ്ങളുടെ ഇടപെടൽ കാരണമാണ്.

“വോളിൽ നിൽക്കുന്ന അർജന്റീനയുടെ മൂന്ന് താരങ്ങൾ പ്രധാനമാണ്. അവർ ഗോൾകീപ്പറുടെ കാഴ്‌ചയെ മറക്കുകയും പന്തടിക്കാൻ പോകുന്ന സ്ഥലത്തെക്കുറിച്ച് കൺഫ്യുഷൻ ഉണ്ടാക്കുകയും ചെയ്യുന്നു. മെസി പന്തടിക്കുന്നതിനു തൊട്ടു മുൻപ് അവർ മാറുന്നതോടെ തന്റെ ഭാഗത്തേക്കാണ് പന്ത് വരികയെന്നാണ് ഗോൾകീപ്പർ ചിന്തിക്കുക. എന്നാൽ അതിനു ശേഷം ഗോളി പന്ത് കാണുമ്പോഴേക്കും വളരെ വൈകിപ്പോയിട്ടുണ്ടാകും.” ട്വിറ്ററിൽ ആരാധകൻ ടെക്‌നിക്ക് വെളിപ്പെടുത്തിയത് ഇങ്ങിനെയായിരുന്നു.

ആരാധകൻ കണ്ടെത്തിയ ടെക്‌നിക്ക് ശരിയാണെന്നതിൽ യാതൊരു തർക്കവുമില്ല. എന്നാൽ ഈ ടെക്‌നിക്ക് സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറുന്നതിനാൽ ഇനി വരുന്ന മത്സരങ്ങളിൽ ഏതുടീമിലെ താരങ്ങൾക്ക് അതിനനുസരിച്ച് പ്രവർത്തിക്കാൻ കഴിയും. എന്നാൽ അതിനൊന്നും മെസിയെ ഫ്രീകിക്ക് ഗോളുകൾ നേടുന്നതിൽ നിന്നും തടയാൻ കഴിയില്ലെന്നുറപ്പാണ്. കാരണം ടെക്‌നിക്കുകൾ കണ്ടെത്തിയാലും മെസിയുടെ മാന്ത്രികതയെ തടുക്കാൻ ആർക്കും കഴിയില്ലല്ലോ.

Fan Explained Messi Free Kick Tactic