മെസിയുടെ അഭാവത്തിൽ അർജന്റീന താരം ഗോളടിച്ചു, ഇന്റർ മിയാമിയുടെ പ്ലേ ഓഫ് സാധ്യതകൾ സജീവമാകുന്നു | Inter Miami

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി അർജന്റീന ടീമിനൊപ്പം ചേർന്ന ലയണൽ മെസിയുടെ അഭാവത്തിലും വിജയം നേടി ഇന്റർ മിയാമി. ഇന്ന് പുലർച്ചെ കാൻസാസ് സിറ്റിയുമായി നടന്ന ലീഗ് മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ഇന്റർ മിയാമി നേടിയത്. ഇതോടെ ലയണൽ മെസി ടീമിൽ ചേർന്നതിനു ശേഷം ഒരു മത്സരത്തിൽ പോലും തോൽവി വഴങ്ങിയിട്ടില്ലെന്നതിനു പുറമെ എംഎൽഎസ് കപ്പ് പ്ലേ ഓഫിലേക്ക് എത്താമെന്നുള്ള പ്രതീക്ഷകളും ഇന്റർ മിയാമി സജീവമാക്കി.

സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഇന്റർ മിയാമിയെ ഞെട്ടിച്ച് കാൻസാസ് സിറ്റിയാണ് മുന്നിലെത്തിയത്. ഒൻപതാം മിനുട്ടിൽ തന്നെ ഡാനിയൽ സലോയിയുടെ ഗോളിൽ മുന്നിലെത്തിയ അവർക്കെതിരെ ആദ്യ പകുതിയിൽ തന്നെ ഇന്റെ മിയാമി ലീഡ് എടുത്തിരുന്നു. ലിയനാർഡോ കാമ്പാനയാണ് ഇന്റർ മിയാമിയുടെ രണ്ടു ഗോളുകളും നേടിയത്. ഒരെണ്ണം പെനാൽറ്റിയിലൂടെയും മറ്റൊരു ഗോൾ ജോസഫ് മാർട്ടിനസിന്റെ ക്രോസിൽ നിന്നും ഹെഡറിലൂടെയും താരം സ്വന്തമാക്കി.

രണ്ടാം പകുതിയുടെ അറുപതാം മിനുട്ടിൽ അർജന്റീന യുവതാരം ഫാക്കുണ്ടോ ഫാരിയാസ് ഇന്റർ മിയാമിയുടെ ലീഡ് ഉയർത്തി. സെർജിയോ ബുസ്‌ക്വറ്റ്‌സിന്റെ മനോഹരമായൊരു പാസ് പിടിച്ചെടുത്ത താരം ഗോൾകീപ്പറെ കീഴടക്കുകയായിരുന്നു. മെസിക്ക് പിന്നാലെ ഇന്റർ മിയാമി ടീമിലെത്തിയ താരം തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് ഗോൾ നേടുന്നത്. കഴിഞ്ഞ മത്സരത്തിൽ ഇന്റർ മിയാമിയെ മുന്നിലെത്തിയ കിടിലൻ ഫിനിഷിങ് ആരാധകർക്ക് മറക്കാൻ കഴിയില്ല.

വിജയത്തോടെ എംഎൽഎസ് ഈസ്റ്റേൺ കോൺഫറൻസിൽ പതിനാലാം സ്ഥാനത്താണെങ്കിലും പ്ലേ ഓഫ് പ്രതീക്ഷ ഇന്റർ മിയാമി സജീവമാക്കി. പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്തു വന്നാൽ പ്ലേ ഓഫിലെത്താമെന്നിരിക്കെ നിലവിൽ ഡിസി യുണൈറ്റഡാണ്‌ ഒൻപതാം സ്ഥാനത്ത്. ഡിസി യുണൈറ്റഡും ഇന്റർ മിയാമിയും തമ്മിലുള്ള പോയിന്റ് വ്യത്യാസം ആറു പോയിന്റ് മാത്രമാണ്. ഇന്റർ മിയാമി അവരെക്കാൾ രണ്ടു മത്സരം കുറവാണ് കളിച്ചിരിക്കുന്നത് എന്നതിനാലും ലീഗിൽ എട്ടു മത്സരം ബാക്കിയുള്ളത് കൊണ്ടും പ്ലേ ഓഫ് ഇന്റർ മിയാമിക്ക് സാധ്യമായ കാര്യം തന്നെയാണ്.

Inter Miami Won Against Kansas City