ഗോളടിച്ചും അടിപ്പിച്ചും ലയണൽ മെസി നിറഞ്ഞാടി, കോപ്പ അമേരിക്ക നിലനിർത്താനൊരുങ്ങി അർജന്റീന

കോപ്പ അമേരിക്കക്ക് മുന്നോടിയായി നടന്ന അവസാനത്തെ സൗഹൃദമത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കി അർജന്റീന. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ഗ്വാട്ടിമാലയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അർജന്റീന കീഴടക്കിയത്. മത്സരത്തിന്റെ നാലാം മിനുട്ടിൽ ഗോൾ വഴങ്ങിയതിനു ശേഷമാണ് അർജന്റീന നാല് ഗോളുകൾ നേടി വിജയം സ്വന്തമാക്കിയത്.

ഗ്വാട്ടിമാലയുടെ ഒരു കോർണറാണ് ആദ്യത്തെ ഗോളിന് വഴിയൊരുക്കിയത്. എമിലിയാനോ മാർട്ടിനസ് പന്ത് തടഞ്ഞിട്ടെങ്കിലും അത് ലിസാൻഡ്രോ മാർട്ടിനസിന്റെ ദേഹത്ത് തട്ടി വലയിലേക്ക് കയറുകയായിരുന്നു. അതിനു പിന്നാലെ പന്ത്രണ്ടാം മിനുട്ടിൽ ലയണൽ മെസി ടീമിനെ ഒപ്പമെത്തിച്ചു. ഗോൾകീപ്പറുടെ ക്ലിയറൻസ് മെസിയുടെ കാലുകളിൽ എത്തിയപ്പോൾ കരിയറിലെ ഏറ്റവും എളുപ്പമുള്ള ഗോളാണ് താരം നേടിയത്.

അതിനു ശേഷം ആദ്യപകുതിയിൽ തന്നെ അർജന്റീന മുന്നിലെത്തി. അർജന്റീനക്ക് ലഭിച്ച പെനാൽറ്റി മെസി ലൗറ്റാറോ മാർട്ടിനസിനു നൽകിയപ്പോൾ താരം വല കുലുക്കി. രണ്ടാം പകുതിയിൽ ഡി മരിയ കളത്തിലിറങ്ങിയതോടെ അർജന്റീന ആക്രമണങ്ങൾ വർധിച്ചു. അറുപത്തിയാറാം മിനുട്ടിൽ മെസിയുടെ അസിസ്റ്റിൽ ലൗടാരോ രണ്ടാമത്തെ ഗോൾ കണ്ടെത്തി.

എഴുപത്തിയേഴാം മിനുട്ടിലാണ് മെസിയുടെ രണ്ടാമത്തെ ഗോൾ പിറക്കുന്നത്. ഡി മരിയയും മെസിയും ചേർന്നുള്ള മുന്നേറ്റത്തിനൊടുവിൽ ഡി മരിയയുടെ മനോഹരമായ പാസിൽ നിന്നും മെസി ഗോൾകീപ്പറെ കീഴടക്കുകയായിരുന്നു. അർജന്റീനയുടെ വെറ്ററൻ താരങ്ങൾ ഇപ്പോഴും അവരുടെ ഏറ്റവുമുയർന്ന ഫോമിലാണെന്ന് ആ ഗോളിൽ നിന്നും വ്യക്തമാണ്.

അവസാനത്തെ സൗഹൃദമത്സരത്തിലും വിജയം നേടിയതോടെ അർജന്റീന ആത്മവിശ്വാസത്തോടെയാണ് കോപ്പാ അമേരിക്കക്ക് തയ്യാറെടുക്കുന്നത്. ഇത്തവണ കിരീടം നേടാൻ ഏറ്റവുമധികം സാധ്യതയുള്ള ടീം അർജന്റീന തന്നെയാണെങ്കിലും വെല്ലുവിളിയുയർത്താൻ കഴിയുന്ന സ്‌ക്വാഡുകൾ വേറെയുണ്ട്. എന്തായാലും ആവേശത്തോടെ ആരാധകർ കാത്തിരിക്കുകയാണ് കോപ്പ അമേരിക്ക ആരംഭിക്കുന്നതിനു വേണ്ടി.