ഇടിമിന്നൽ പോലൊരു ഗോളുമായി പരഡെസ്, ഇന്തോനേഷ്യൻ വെല്ലുവിളിയെ തകർത്തു വിട്ട് അർജന്റീന | Argentina

അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഇന്തോനേഷ്യക്കെതിരെ വിജയം നേടി അർജന്റീന. റാങ്കിങ്ങിൽ തങ്ങളെക്കാൾ വളരെ പിന്നിൽ നിൽക്കുന്ന ഇന്തോനേഷ്യ മികച്ച പോരാട്ടവീര്യം പ്രകടിപ്പിച്ച മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീന വിജയം നേടിയത്. ആദ്യത്തെ സൗഹൃദ മത്സരത്തിൽ അർജന്റീന ഓസ്‌ട്രേലിയക്കെതിരെയും വിജയം നേടിയിരുന്നു.

നിരവധി മാറ്റങ്ങളുമായാണ് അർജന്റീന ടീം ഇറങ്ങിയത്. താരങ്ങൾ തമ്മിൽ പൂർണമായും ഒത്തിണക്കം ഇല്ലാത്തതിന്റെ അഭാവം മത്സരത്തിൽ പ്രകടമാവുകയും ചെയ്‌തിരുന്നു. തുടക്കം മുതൽ തന്നെ അർജന്റീനയുടെ മുന്നേറ്റങ്ങൾ മാത്രമാണ് മത്സരത്തിൽ ഉണ്ടായിരുന്നതെങ്കിലും താരങ്ങൾക്കിടയിലെ ആശയക്കുഴപ്പവും ഇന്തോനേഷ്യൻ പ്രതിരോധത്തിന്റെ മികച്ച പ്രകടനവും ഗോളുകൾ നേടുന്നതിൽ നിന്നും അർജന്റീനയെ തടഞ്ഞു.

വമ്പൻ അവസരങ്ങൾ നിരവധി ലഭിച്ചത് മുതലാക്കാൻ കഴിയാതിരുന്ന അർജന്റീനയെ മുന്നിലെത്തിച്ചത് ലിയാൻഡ്രോ പരഡെസാണ്. മുപ്പത്തിയെട്ടാം മിനുട്ടിൽ പോസ്റ്റിന്റെ മുപ്പത്തിയഞ്ചു വാര അകലെ നിന്നുമെടുത്ത മിന്നൽ ഷോട്ട് ഗോൾകീപ്പർക്ക് അവസരമൊന്നും നൽകാതെ വലയിലേക്ക് കയറി. ആദ്യപകുതിയുടെ അവസാന മിനിറ്റുകളിൽ ഇന്തോനേഷ്യക്ക് മികച്ചൊരു അവസരം ലഭിച്ചെങ്കിലും എമിലിയാനോ മാർട്ടിനസ് രക്ഷകനായി.

ഇന്തോനേഷ്യയുടെ തകർപ്പനൊരു ഗോൾശ്രമം എമിലിയാനോ മാർട്ടിനസ് രക്ഷപ്പെടുത്തിയാണ് രണ്ടാം പകുതി ആരംഭിച്ചത്. അതിനു പിന്നാലെ അർജന്റീന രണ്ടാമത്തെ ഗോൾ നേടുകയും ചെയ്‌തു. ലോ സെൽസോ എടുത്ത കോർണറിൽ നിന്നും മികച്ചൊരു ഹെഡറിലൂടെ ക്രിസ്റ്റ്യൻ റൊമേറോയാണ് അർജന്റീനയുടെ ഗോൾ നേടിയത്. അതിനു ശേഷം കരുതലോടെയാണ് അർജന്റീന കളിച്ചത്.

മത്സരത്തിൽ ഭദ്രമായ ലീഡ് നേടിയ അർജന്റീനയുടെ ആക്രമണങ്ങൾക്ക് പിന്നീട് ശക്തി കുറഞ്ഞു. ഇന്തോനേഷ്യക്കും പിന്നീട് കാര്യമായ വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല. ഇഞ്ചുറി ടൈമിൽ ഗർനാച്ചോക്ക് ലഭിച്ച സുവർണാവസരം ഗോൾകീപ്പർ തടുത്തിടുകയും ചെയ്‌തതോടെ കൂടുതൽ ഗോളുകളൊന്നും പിറക്കാതെ മത്സരം അവസാനിക്കുകയായിരുന്നു.

Argentina Won Against Indonesia In Friendly