ലോകചാമ്പ്യന്മാരെ വിറപ്പിച്ച് ഇന്തോനേഷ്യ, രക്ഷകനായത് എമിലിയാനോ മാർട്ടിനസ് | Emiliano Martinez

ഫിഫ ലോകറാങ്കിങ്ങിൽ അർജന്റീന ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ 148 സ്ഥാനങ്ങൾ പിന്നിലാണ് ഇന്തോനേഷ്യ ഇപ്പോൾ നിൽക്കുന്നത്. പ്രധാന താരങ്ങൾ പലരും ഇല്ലാതെയാണ് അർജന്റീന ഇറങ്ങിയതെങ്കിലും ഗംഭീരമായൊരു വിജയമാണ് അർജന്റീന പ്രതീക്ഷിച്ചത്. മത്സരത്തിൽ ആധിപത്യം പുലർത്തിയ അവർ രണ്ടു ഗോളിന്റെ വിജയം സ്വന്തമാക്കുകയും ചെയ്‌തു.

എന്നാൽ റാങ്കിങ്ങിൽ ഇത്രയും പിന്നിലുള്ള ഒരു ടീമിനെതിരെ പുലർത്തേണ്ട ആധിപത്യം അർജന്റീനക്ക് ഉണ്ടായിരുന്നോ എന്നു ചോദിച്ചാൽ ഇല്ലായിരുന്നു എന്നാണുത്തരം. പുതിയ താരങ്ങൾ നിറഞ്ഞ അർജന്റീന ടീമിന് പൂർണമായും ഒത്തിണക്കം ഇല്ലാതിരുന്നതും സ്വന്തം ആരാധകർക്ക് മുന്നിൽ കളിക്കുന്നതും കാരണം മികച്ച പോരാട്ടവീര്യമാണ് അവർ പുറത്തെടുത്തത്.

അർജന്റീനയെ മുപ്പത്തിയെട്ടാം മിനുട്ട് വരെ ഗോൾ നേടാനാവാതെ തടഞ്ഞു നിർത്തിയ ഇന്തോനേഷ്യ ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ് സമനില ഗോൾ നേടേണ്ടതായിരുന്നു. എന്നാൽ എമിലിയാനോ മാർട്ടിനസിന്റെ സേവ് അർജന്റീനയെ രക്ഷിച്ചു. അതിനു ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിലും ഒരു ഫുൾ സ്ട്രെച്ച് സേവ് മാർട്ടിനസിന്റെ ഭാഗത്തു നിന്നുമുണ്ടായി.

ഇതിനു പുറമെ ഹൈ ബോളുകൾ തട്ടിക്കളഞ്ഞും മറ്റും മികച്ച പ്രകടനമാണ് എമിലിയാനോ നടത്തിയത്. മത്സരത്തിൽ ഇന്തോനേഷ്യ നടത്തിയ പ്രകടനത്തെയും അഭിനന്ദിക്കാതെ കഴിയില്ല. അർജന്റീനക്ക് അധികം അവസരങ്ങളൊന്നും നൽകാതെ മികച്ച രീതിയിലാണ് അവർ പ്രതിരോധിച്ചത്. ഇന്തോനേഷ്യൻ ഗോൾകീപ്പറും ടീമിനായി തന്റെ ഏറ്റവും മികച്ച കളി പുറത്തെടുത്തു.

Emiliano Martinez Saves Helps Argentina Win