ഇന്ത്യയിൽ കളിക്കാൻ അർജന്റീന സന്നദ്ധനായിരുന്നു, വേണ്ടെന്നു വെച്ചത് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ | Argentina

ജൂണിൽ വെച്ച് നടക്കുന്ന അന്താരാഷ്‌ട്ര സൗഹൃദ മത്സരങ്ങൾ ഏഷ്യൻ രാജ്യങ്ങളിൽ കളിക്കാനുള്ള തീരുമാനം അർജന്റീന നേരത്തെ തന്നെ എടുത്തിരുന്നു. ചൈന, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ വെച്ചാണ് മത്സരം നടന്നത്. ചൈനയിൽ വെച്ച് ഓസ്‌ട്രേലിയക്കെതിരെയും പിന്നീട് കഴിഞ്ഞ ദിവസം ഇന്തോനേഷ്യക്ക് എതിരെയും മത്സരങ്ങൾ കളിച്ച അർജന്റീന രണ്ടിലും വിജയം നേടിയിരുന്നു.

അതേസമയം അർജന്റീന ടീം ഇന്ത്യയിൽ സൗഹൃദമത്സരം കളിക്കാൻ സന്നദ്ധത അറിയിച്ചിരുന്നുവെന്നാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ സെക്രട്ടറി ഷാജി പ്രഭാകർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഏഷ്യയിൽ സൗഹൃദമത്സരങ്ങൾ കളിക്കുന്നതിനിടെ ഭാഗമായി അവർ വേദിയായി തിരഞ്ഞ രാജ്യങ്ങളിൽ ഇന്ത്യയും ഉണ്ടായിരുന്നുവെന്നും എന്നാൽ സാമ്പത്തികപരിമിതി കാരണം ഇന്ത്യ അതിൽ നിന്നും പിൻവലിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

“അർജന്റീന ഫുട്ബോൾ അസോസിയേഷൻ സൗഹൃദമത്സരത്തിനു വേണ്ടി ഞങ്ങളെ സമീപിച്ചിരുന്നു. എന്നാൽ അതുപോലെയൊരു മത്സരം സംഭവിക്കണമെങ്കിൽ ഞങ്ങൾക്ക് വളരെ കരുത്തുറ്റ ഒരു സ്‌പോൺസറുടെ പിന്തുണ വേണമായിരുന്നു. അർജന്റീന അപ്പിയറൻസ് ഫീസായി ആവശ്യപ്പെട്ട വളരെ വലുതായിരുന്നു. ഇവിടെ ഫുട്ബോളിന്റെ സാമ്പത്തികസാഹചര്യം പരിമിതമായതിനാൽ അതിനു കഴിയില്ലായിരുന്നു.” അദ്ദേഹം പറഞ്ഞു.

ലോകകപ്പ് വിജയത്തിന് ശേഷം ഏറ്റവുമധികം ഡിമാൻഡുള്ള ദേശീയ ടീമുകളിൽ ഒന്നായി അർജന്റീന മാറിയിട്ടുണ്ട്. മെസിയും സംഘവും ഒരു മത്സരത്തിനായി അപ്പിയറൻസ് ഫീസായി നാല് മുതൽ അഞ്ചു മില്യൺ യൂറോ (40 കോടി വരെ) ആണ് വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ മത്സരം കളിക്കുന്നതിനായിരുന്നു അർജന്റീന ടീമിന് പദ്ധതിയുണ്ടായിരുന്നത്.

India Turn Down Opportunity To Host Argentina