അർജന്റീന താരത്തിന് വേണ്ടിയുള്ള പോരാട്ടം മുറുകുന്നു, ഇപ്പോൾ തന്നെ മൂന്നു പ്രീമിയർ ലീഗ് ക്ലബുകൾ രംഗത്ത് | Alexis Mac Allister

ഖത്തർ ലോകകപ്പിൽ അർജന്റീന ടീമിലുണ്ടായ താരോദയങ്ങളിൽ ഒന്നായിരുന്നു അലക്‌സിസ് മാക് അലിസ്റ്റർ. ആദ്യത്തെ മത്സരത്തിൽ ആദ്യ ഇലവനിൽ ഇടം നേടാൻ കഴിഞ്ഞില്ലെങ്കിലും അതിനു ശേഷമുള്ള മത്സരങ്ങളിൽ സ്ഥിരസാന്നിധ്യമായി താരം മാറി. പോളണ്ടിനെതിരായ നിർണായകമായ മത്സരത്തിൽ അർജന്റീനയുടെ ആദ്യത്തെ ഗോൾ നേടിയ താരം അതിനു ശേഷം ഫൈനലിൽ ഏഞ്ചൽ ഡി മരിയ നേടിയ ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു.

ലോകകപ്പിന് ശേഷം ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ നിരവധി ക്ലബുകൾ അലിസ്റ്ററെ സ്വന്തമാക്കാൻ രംഗത്തു വന്നിരുന്നു. എന്നാൽ ആ ക്ലബുകളുടെ ഓഫറുകൾ തള്ളിയ താരം തന്റെ ക്ലബായ ബ്രൈറ്റണിൽ തന്നെ തുടരാനാണ് തീരുമാനിച്ചത്. പ്രീമിയർ ലീഗ് ക്ലബിനൊപ്പം മികച്ച പ്രകടനം നടത്താൻ കഴിയുന്നുണ്ടെങ്കിലും ഈ സീസണു ശേഷം അലിസ്റ്ററെ മറ്റേതെങ്കിലും ജേഴ്‌സിയിൽ കാണുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

അർജന്റീനിയൻ മാധ്യമമായ ടൈക് സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം മാക് അലിസ്റ്റർക്ക് വേണ്ടി ഇപ്പോൾ തന്നെ മൂന്നു പ്രീമിയർ ലീഗ് ക്ലബുകൾ രംഗത്തു വന്നിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ആഴ്‌സണൽ, ടോപ് ഫോർ ടീമുകളിൽ ഒന്നായ മാഞ്ചസ്റ്റർ യുണൈറ്റഡ്, കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായ ലിവർപൂൾ എന്നീ ക്ളബുകളാണ് താരത്തിനായി രംഗത്തുള്ളത്.

ഈ മൂന്നു ക്ലബുകളിൽ രണ്ടു ക്ലബുകൾ അലിസ്റ്ററെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞുവെന്നും റിപ്പോർട്ടുകൾ പറയുന്നു. പ്രീമിയർ ലീഗിൽ തന്നെ തുടരാൻ താൽപര്യമുള്ള അലിസ്റ്റർ ഈ ഓഫറുകൾ പരിഗണിക്കാൻ തന്നെയാണ് സാധ്യത. അറുപത്തിയൊന്നു മില്യൺ പൗണ്ടാണ് അലിസ്റ്റർക്കു വേണ്ടി ഈ ക്ലബുകൾ വാഗ്‌ദാനം ചെയ്‌തിരിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതേസമയം അലിസ്റ്റാർക്ക് വേണ്ടിയുള്ള ഓഫറുകൾ ഇതിലൊന്നും ഒതുങ്ങില്ല എന്നത് വ്യക്തമാണ്. സമ്മർ ട്രാൻസ്‌ഫർ ജാലകം ആരംഭിക്കുമ്പോൾ കൂടുതൽ ഓഫറുകൾ താരത്തെ തേടിവരുമെന്നതിൽ സംശയമില്ല. എന്തായാലും ഇരുപത്തിനാലുകാരനായ താരത്തെ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് അടക്കമുള്ള വേദികളിൽ കാണാൻ കഴിയുമെന്നത് സന്തോഷമുള്ള കാര്യമാണ്.

Content Highlights: Arsenal, Manchester United, Liverpool Interested In Alexis Mac Allister