മെസി വരുന്നതിനേക്കാൾ ആഗ്രഹം കേരളത്തിലെ കുട്ടികൾ ഇന്ത്യക്കായി കളിക്കുന്നതു കാണാൻ, നിലപാടിൽ നിന്നും പുറകോട്ടു പോകാതെ ആഷിഖ് | Ashique

രണ്ടു ദിവസം മുൻപ് ചാനലിനോട് സംസാരിക്കുമ്പോൾ അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ കളിക്കാൻ കൊണ്ടുവരാനുള്ള പദ്ധതികൾക്കെതിരെ ഇന്ത്യൻ ഫുട്ബോൾ താരം ആഷിഖ് കുരുണിയൻ സംസാരിച്ചിരുന്നു. ലയണൽ മെസിയെയും സംഘത്തെയും കേരളത്തിലേക്ക് കൊണ്ടു വരുന്നതിനേക്കാൾ ഇവിടുത്ത ഫുട്ബോളുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ മാറണമെന്നാണ് ആഷിഖ് പറഞ്ഞത്.

ആഷിഖിന്റെ വാക്കുകളെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തു വരികയുണ്ടായി. ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് താരത്തെ അഭിനന്ദിച്ച് രംഗത്തു വന്നിരുന്നു. അതിനിടയിൽ തന്റെ അഭിപ്രായത്തിൽ കൂടുതൽ വ്യക്തത വരുത്തി ആഷിഖ് രംഗത്തു വന്നിട്ടുണ്ട്. തന്റെ നിലപാടിൽ നിന്നും പുറകോട്ടു പോകാതെയാണ് ആഷിഖ് വ്യക്തത വരുത്തിയത്.

“രണ്ട് ദിവസം മുൻപ് ഞാൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലെ എന്റെ ചില അഭിപ്രായങ്ങൾ പല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും തെറ്റായ വ്യാഖ്യാനിക്കുന്നതിനാൽ അവ വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒന്നാമതായി, പറഞ്ഞതിൽ ഞാൻ ഖേദിക്കുന്നില്ല. ഞാൻ പറഞ്ഞത് ഹൃദയത്തിൽ നിന്നുള്ളതാണ്, ആവശ്യമെങ്കിൽ അതേ രീതിയിൽ തന്നെ ഞാൻ വീണ്ടും പറയും”

“തന്റെ ചെറുപ്പകാലത്ത് അത്ര കഴിവുള്ള ഫുട്‌ബോള്‍ കളിക്കാരന്‍ ആയിരുന്നില്ലെന്ന് പറയാന്‍ ഒരു മടിയുമില്ല. തന്റെ സാഹചര്യങ്ങള്‍ അനുകൂലമായിരുന്നതുകൊണ്ടാണ് ഈ നിലയില്‍ എത്താനായത്. തന്നെക്കാള്‍ മികച്ച താരങ്ങള്‍ ഉണ്ടായിരുന്നു. സൗകര്യങ്ങളോ പരിശീലനമോ അവസരങ്ങളോ ലഭിക്കാത്തതുകൊണ്ട് അവര്‍ക്ക് പാതിവഴിയില്‍ സ്‌പോര്‍ട്‌സ് ഉപേക്ഷിക്കേണ്ടിവന്നു. നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.”

”മലപ്പുറത്തെ ഗ്രൗണ്ടുകളുടെ എണ്ണം പറഞ്ഞാണ് പലരും പ്രതികരിച്ചത്. ഇ ഗ്രൗണ്ടുകളിൽ മിക്കതിലും ഞാൻ പോയിട്ടുള്ളതിനാൽ എനിക്കറിയാം മലപ്പുറത്ത് നിരവധി ഗ്രൗണ്ടുകൾ ഉണ്ട് എന്നത് . എന്നിരുന്നാലും, ഇതിൽ എത്രയെണ്ണം വർഷം മുഴുവൻ പരിശീലനത്തിന് യോഗ്യമാണ്? ഈ ഗ്രൗണ്ടുകൾ ഒരു ടൂർണമെന്റിനായി തയ്യാറാക്കിയാൽ അതിന് ശേഷം പരിപാലനം ഇല്ലാതെ ചിലപ്പോൾ പറമ്പിൽ പശുക്കൾ വരെ മേയുന്നു. ഇതാണ് യാഥാർത്ഥ്യം”

“ഇപ്പോള്‍ അധികാരത്തിലുള്ളതോ മുമ്പ് അധികാരത്തിലുണ്ടായിരുന്നതോ ആയ സര്‍ക്കാരുകള്‍ക്കെതിരെ തനിക്ക് വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ലെന്നും ആഷിഖ് വ്യക്തമാക്കി. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ദീര്‍ഘകാല ഭാവിക്ക് ഗുണം ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ധാരാളം പണം ചെലവഴിക്കേണ്ടതില്ല എന്നാണ് അഭിപ്രായം.”

“ലയണൽ മെസ്സി ഇന്ത്യയിൽ ഫുട്ബോൾ കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടോ? അതെ. എന്നിരുന്നാലും, മെസ്സി ഇന്ത്യയിൽ കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നതിനേക്കാൾ എന്റെ സംസ്ഥാനത്തെ കുട്ടികൾ ദേശീയ ടീമിനായി കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. മികച്ച സൗകര്യങ്ങൾ, മികച്ച കായിക മൈതാനങ്ങൾ, പരിശീലകർക്കും കളിക്കാർക്കും കൂടുതൽ അവസരങ്ങൾ എന്നിവയാണ് അതിനുള്ള ഏറ്റവും നല്ല മാർഗം” ആഷിക്ക് പറഞ്ഞു.

Ashique Kuruniyan Clarifies His Comments