“സാഹചര്യങ്ങൾ വ്യത്യസ്‌തമായിരുന്നു, വലിയ പിഴവാണ് സംഭവിച്ചത്”- ലയണൽ മെസിയുടെ ഇന്റർ മിയാമി ട്രാൻസ്‌ഫറിൽ പ്രതികരിച്ച് കൂമാൻ | Messi

ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറിയ തീരുമാനത്തിൽ ബാഴ്‌സലോണയെ വിമർശിച്ച് ക്ലബിന്റെ മുൻ പരിശീലകനായ റൊണാൾഡ്‌ കൂമാൻ. അദ്ദേഹം പരിശീലകനായിരുന്ന സമയത്താണ് ലയണൽ മെസി സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ക്ലബ് വിടുന്നത്. അതിനു ശേഷമുള്ള സീസണിനിടയിൽ മോശം പ്രകടനത്തെ തുടർന്ന് കൂമാനെ ബാഴ്‌സലോണ പുറത്താക്കുകയും ചെയ്‌തിരുന്നു.

അന്ന് ബാഴ്‌സലോണ വിട്ട ലയണൽ മെസി പിന്നീട് ക്ലബ്ബിലേക്ക് തിരിച്ചുവരാൻ സാധ്യത തുറന്നത് ഇപ്പോഴാണ്. പിഎസ്‌ജി കരാർ അവസാനിച്ച താരത്തെ ബാഴ്‌സലോണ സ്വന്തമാക്കുമെന്ന് ഏവരും പ്രതീക്ഷിച്ചു. എന്നാൽ തന്റെ വരവിനായി ബാഴ്‌സലോണ ചില താരങ്ങളെ ഒഴിവാക്കേണ്ടി വരുമെന്ന സാഹചര്യം വന്നപ്പോൾ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറുകയായിരുന്നു.

“ലയണൽ മെസിയുമായി ബന്ധപ്പെട്ട സാഹചര്യം രണ്ടു വർഷങ്ങൾക്ക് മുമ്പുള്ളതല്ല, തീർത്തും വ്യത്യസ്‌തമാണ്‌ ഇപ്പോഴത്തെ സാഹചര്യം. മെസിയെ നഷ്‌ടപ്പെടുത്തിയത് വലിയൊരു പിഴവായിരുന്നു. താരം ബാഴ്‌സലോണയിൽ തന്റെ ജീവിതകാലം മുഴുവൻ ഉണ്ടാകുമെന്നാണ് ഞാൻ എല്ലായിപ്പോഴും പ്രതീക്ഷിച്ചത്. താരത്തെ വിട്ടുകളഞ്ഞത് വലിയൊരു അബദ്ധം തന്നെയാണ്.” കഴിഞ്ഞ ദിവസം കൂമാൻ പറഞ്ഞു.

ബാഴ്‌സലോണ ഗുൻഡോഗനെ സ്വന്തമാക്കിയതിനെയും അദ്ദേഹം വിമർശിച്ചു. മുപ്പത്തിമൂന്നു വയസായ താരത്തെ രണ്ടു വർഷത്തെ കരാറിൽ സ്വന്തമാക്കിയത് ബാഴ്‌സലോണയ്ക്ക് സംഭവിച്ച പിഴവാണെന്നാണ് കൂമാൻ പറയുന്നത്. ക്ലബിന്റെ ഭാവിയാണ് നോക്കുന്നതെങ്കിൽ യുവതാരങ്ങളെ ടീമിലെത്തിച്ച് അവരെ വളർത്തിയെടുക്കുകയാണ് ചെയ്യേണ്ടതെന്നും ഇതുപോലെയുള്ള സൈനിങ്‌ നടത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി.

Koeman Reacts To Messi Inter Miami Transfer