മെസിക്കു കൂട്ടായി മറ്റൊരു മുൻ റയൽ മാഡ്രിഡ് താരത്തെക്കൂടി സ്വന്തമാക്കാൻ ഇന്റർ മിയാമി | Inter Miami

ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറിയതിനു പിന്നാലെ യൂറോപ്പിൽ നിന്നും മറ്റു ചില താരങ്ങൾ കൂടി അമേരിക്കൻ ക്ലബ്ബിലേക്ക് ചേക്കേറാനൊരുങ്ങുകയാണ്. മുൻ ബാഴ്‌സലോണ താരമായ ബുസ്‌ക്വറ്റ്സ് ഇന്റർ മിയാമിയിലെത്തുമെന്ന കാര്യത്തിൽ ഉറപ്പായിക്കഴിഞ്ഞു. ഇതിനു പുറമെ മുൻ ബാഴ്‌സലോണ താരം ജോർദി ആൽബ, മുൻ അർജന്റീന താരം എൻസോ പെരസ് എന്നിവരും ഇന്റർ മിയാമിയിലേക്ക് എത്തിയേക്കും.

കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം മുൻ റയൽ മാഡ്രിഡ് താരമായ ഈഡൻ ഹസാർഡിനു വേണ്ടിയും ഇന്റർ മിയാമി ശ്രമം നടത്തുന്നുണ്ട്. റയൽ മാഡ്രിഡ് കരാർ അവസാനിക്കാൻ ഒരു വർഷം ബാക്കി നിൽക്കെ ക്ലബ് വിട്ട ഹസാർഡ് ഇപ്പോൾ ഫ്രീ ഏജന്റാണ്. മറ്റൊരു ക്ലബിലേക്കും ചേക്കേറുന്ന കാര്യത്തിൽ താരം തീരുമാനമെടുത്തിട്ടില്ല.

തന്റെ നാടായ ബെൽജിയത്തിലെ ഏതെങ്കിലും ക്ലബിലേക്കോ സൗദി അറേബ്യയിലേക്കോ അല്ലെങ്കിൽ എംഎൽഎസ് ക്ലബിലേക്കോ ആണ് ഹസാർഡ് ചേക്കേറാനുള്ള സാധ്യതയുള്ളത്. നിലവിൽ മികച്ച ഫോമിൽ അല്ലെങ്കിലും വിരമിക്കുകയെന്ന പദ്ധതി ഹസാർഡിനില്ല. ലയണൽ മെസിക്കൊപ്പം ചേർന്ന് കരിയറിൽ ഒരു തിരിച്ചുവരവിനായി താരം ശ്രമിക്കാനുള്ള സാധ്യതയുണ്ട്.

ഇന്റർ മിയാമി ഉന്നം വെക്കുന്ന ആദ്യത്തെ റയൽ മാഡ്രിഡ് താരമല്ല ഹസാർഡ്. നേരത്തെ സെർജിയോ റാമോസിനെ അവർ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളും ഉണ്ടായിരുന്നു. എന്നാൽ നിലവിൽ മെസി, ബുസ്‌ക്വറ്റ്സ് എന്നിവരുടെ ട്രാൻസ്‌ഫർ മാത്രമാണ് അവർ സ്ഥിരീകരിച്ചിരിക്കുന്നത്. മെസിയെ 16ന് ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കാനാണ് ഇന്റർ മിയാമി ഒരുങ്ങുന്നത്.

Inter Miami Links With Eden Hazard