ബ്രസീലിയൻ താരത്തിനു മൂന്നിരട്ടി പ്രതിഫലം വാഗ്‌ദാനം, ബാഴ്‌സലോണയെ അട്ടിമറിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത് | Vitor Roque

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണ ടീമിലെത്തിക്കാൻ ശ്രമിക്കുന്ന പ്രധാന കളിക്കാരനാണ് ബ്രസീലിയൻ യുവതാരമായ വിറ്റർ റോക്യൂ. റോബർട്ട് ലെവൻഡോസ്‌കി ഏതാനും വർഷങ്ങൾ കൂടിയേ ക്ലബിനൊപ്പം ഉണ്ടാകുവെന്നിരിക്കെ അതിനു പകരക്കാരൻ സ്‌ട്രൈക്കറായി വളർത്തിക്കൊണ്ടു വരാനാണ് റോക്യൂവിനെ ബാഴ്‌സലോണ സ്വന്തമാക്കുന്നത്.

ബാഴ്‌സലോണയും റോക്യൂവും തമ്മിൽ ട്രാൻസ്‌ഫർ കാര്യങ്ങളിൽ വളരെയധികം മുന്നോട്ടു പോയിരുന്നു. സാമ്പത്തികമായ പ്രതിസന്ധികൾ ഉള്ളതിനാലാണ് താരത്തെ സ്വന്തമാക്കാൻ വൈകുന്നത്. എന്നാൽ അതിനിടയിൽ ബാഴ്‌സലോണയുടെ നീക്കങ്ങളെ അട്ടിമറിക്കാൻ പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്തു വന്നിട്ടുണ്ട്. ബ്രസീലിയൻ താരത്തെ സ്വന്തമാക്കാനുള്ള നീക്കം അവരും ആരംഭിച്ചിട്ടുണ്ട്.

താരത്തിനായി അമ്പതു മില്യൺ യൂറോ മൂല്യം വരുന്ന ഓഫറാണ് ബാഴ്‌സലോണ മുന്നോട്ടു വെച്ചിട്ടുള്ളത്. താരത്തിന്റെ ക്ലബായ അത്ലറ്റികോ പരാനെൻസ് അത് അംഗീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. അതിനിടയിലാണ് അതെ തുക നൽകാമെന്ന ഓഫറുമായി മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്തു വന്നിരിക്കുന്നത്. ബാഴ്‌സലോണ ഓഫർ ചെയ്‌തതിന്റെ മൂന്നിരട്ടി പ്രതിഫലവും അവർ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.

ബാഴ്‌സലോണ റോക്യൂവിന്റെ സൈനിങ്‌ പൂർത്തിയാകാത്തതിനാൽ ബ്രസീലിയൻ ക്ലബ് അവസാന തീയതി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിനുള്ളിൽ ട്രാൻസ്‌ഫർ നടന്നില്ലെങ്കിൽ മറ്റു ക്ലബുകളുടെ ഓഫർ ബ്രസീലിയൻ ക്ലബ് പരിഗണിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിന് പുറമെ പിഎസ്‌ജി, ടോട്ടനം തുടങ്ങിയ ക്ളബുകൾക്കും റോക്യൂവിനെ സ്വന്തമാക്കാനുള്ള താൽപര്യമുണ്ട്.

Man Utd Try To Hijack Vitor Roque Deal