നെയ്‌മർ പിഎസ്‌ജിയിൽ തുടരുമോ, അപ്രതീക്ഷിത മറുപടിയുമായി ലൂയിസ് എൻറിക് | Neymar

കഴിഞ്ഞ സീസണിൽ പിഎസ്‌ജി ആരാധകർ വീടിനു മുന്നിൽ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് ബ്രസീലിയൻ സൂപ്പർതാരമായ നെയ്‌മർ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ് വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാൽ മുൻ ബാഴ്‌സലോണ പരിശീലകൻ ലൂയിസ് എൻറിക് പിഎസ്‌ജി പരിശീലകനായി എത്തിയതോടെ താരം ക്ലബിൽ തന്നെ തുടരാനുള്ള സാധ്യതകൾ ഉണ്ടെന്ന റിപ്പോർട്ടുകളാണ് പിന്നീട് പുറത്തു വന്നത്.

എന്നാൽ നെയ്‌മർ തന്റെ പദ്ധതികളിൽ ഉണ്ടോയെന്ന ചോദ്യത്തിന് അപ്രതീക്ഷിതമായ മറുപടിയാണ് കഴിഞ്ഞ ദിവസം എൻറിക് നൽകിയത്. നെയ്‌മറെ നിലനിർത്താൻ താൻ ശ്രമിക്കുമെന്നു പോലും പറയാൻ അദ്ദേഹം തയ്യാറായില്ല. ക്ലബിന്റെ ആഭ്യന്തരമായ ചില കാര്യങ്ങൾ പരിഗണിച്ചും താരങ്ങൾ പരിശീലനം നടത്തുന്നത് വീക്ഷിച്ചുമാണ് തീരുമാനം എടുക്കാൻ കഴിയൂവെന്നാണ് അദ്ദേഹം പറയുന്നത്.

“ഞാൻ നെയ്‌മറോട് സംസാരിച്ചിട്ടില്ല. നെയ്‌മർ എന്റെ പദ്ധതികളിൽ ഉണ്ടോയെന്നു വിവരം നിങ്ങൾക്ക് നൽകാൻ എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ അതെല്ലാം ആഭ്യന്തരമായ കാര്യങ്ങളാണ്. അവരുടെ പരിശീലനവും സ്വഭാവവും കണ്ടതിനു ശേഷമേ തീരുമാനമെടുക്കൂ. പിഎസ്‌ജിയിൽ ഉയർന്ന തലത്തിൽ നിൽക്കുന്ന താരങ്ങളുടെ പുതിയൊരു തലമുറയാണ്. ആരാധകരെ ആകർഷിക്കുന്ന ആക്രമണ ഫുട്ബോൾ കളിക്കാനാണ് ശ്രമിക്കുക.” എൻറിക് പറഞ്ഞു.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ എംബാപ്പെ പിഎസ്‌ജി വിടാനുള്ള സാധ്യതകൾ കൂടുതലാണെന്നിരിക്കെയാണ് നെയ്‌മറുടെ കാര്യത്തിലും പരിശീലകൻ ഉറപ്പു നൽകാതിരിക്കുന്നത്. ഇതോടെ പുതിയൊരു നിരയെ അണിനിരത്താനുള്ള പദ്ധതിയാണോ എൻറിക്വയുടേതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പിഎസ്‌ജി വിട്ടാൽ നെയ്‌മർ എവിടേക്കെന്ന ചർച്ചകളും അതിനൊപ്പം ഉയരുന്നുണ്ട്.

Enrique Drops Suprise Statement On Neymar