സഹലും റൊണാൾഡോയും ഒരുമിച്ച് കളിക്കുമോ, സൗദി ലീഗിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് താരത്തിന് ഓഫർ | Sahal

സൗദി പ്രൊ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും കരിം ബെൻസീമക്കുമൊപ്പം പന്തു തട്ടാൻ ഒരു മലയാളി താരത്തിന് അവസരമുണ്ടാകുമോ. ഫുട്ബോൾ ലോകത്ത് ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾക്ക് പഞ്ഞമില്ലാത്ത ഈ സമയത്ത് അത്തരമൊരു വാർത്തയാണ് ആരാധകരെ തേടിയെത്തുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മിന്നും താരമായ സഹൽ അബ്‌ദുൾ സമദിനാണു ഓഫർ വന്നിരിക്കുന്നത്.

നിലവിൽ ചില കേന്ദ്രങ്ങളിൽ ലഭിക്കുന്ന സൂചനകൾ പ്രകാരം സഹലിനു സൗദി പ്രൊ ലീഗിൽ കളിക്കുന്ന ഒരു ക്ലബിൽ നിന്നും ഓഫർ വന്നിട്ടുണ്ട്. ഏതു ക്ലബിൽ നിന്നാണ് താരത്തിന് ഓഫർ വന്നിരിക്കുന്നതെന്നു വ്യക്തമല്ല. പ്രാഥമികമായ അന്വേഷണമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അതേസമയം ട്രാൻസ്‌ഫർ നടക്കാനുള്ള സാധ്യത വളരെ കുറവാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സഹൽ അബ്‌ദുൾ സമദിനാണ് ഇന്ത്യൻ സൂപ്പർലീഗ് ക്ലബുകൾ തന്നെ ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മുംബൈ സിറ്റി, മോഹൻ ബഗാൻ എന്നിവർക്ക് താരത്തിൽ താൽപര്യമുണ്ടെങ്കിലും തങ്ങളുടെ മികച്ച താരങ്ങളിലൊരാളായ സഹലിനെ വിട്ടുകൊടുക്കാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറായിട്ടില്ല. സൗദി ക്ലബ് നീക്കങ്ങൾ ശക്തമാക്കിയാലും ബ്ലാസ്റ്റേഴ്‌സ് അതിനു തയ്യാറാകില്ലെന്നാണ് ഇപ്പോഴത്തെ സൂചനകൾ.

ട്രാൻസ്‌ഫർ നടന്നാൽ അത് ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിൽ ഇടം പിടിക്കുന്ന കാര്യമായിരിക്കും. നിലവിൽ ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച നിരവധി താരങ്ങൾ കളിക്കുന്ന ഇടമാണ് സൗദി പ്രൊ ലീഗ്. അവർക്കൊപ്പമോ അല്ലെങ്കിൽ ഒരേ മത്സരത്തിലോ പന്ത് തട്ടാനുള്ള അവസരമാണ് സഹലിനു ലഭിക്കുക.

Saudi Pro League Club Made Enquiry About Sahal Abdul Samad