റെക്കോർഡ് തുകക്ക് സഹലിനെ റാഞ്ചി, ആരാധകരുടെ പ്രിയതാരം ഇനി ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടാകില്ല | Sahal

നിരവധി വർഷങ്ങളായി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ പ്രധാന താരമായ സഹൽ അബ്‌ദുൾ സമദ് ക്ലബിന്റെ ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. മികച്ച പ്രതിഭയുള്ള താരം ക്ലബ് തലത്തിലും ദേശീയ ടീമിനു വേണ്ടിയും ഓരോ മത്സരങ്ങൾ കളിക്കുന്നതിലൂടെ തേച്ചു മിനുക്കപ്പെടുകയാണ്. മികച്ച നിലവാരം പുലർത്തുന്ന താരമായതിനാൽ തന്നെ നിരവധി ക്ലബുകൾക്ക് താരത്തെ സ്വന്തമാക്കാൻ താത്പര്യവുമുണ്ട്.

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരമായതിനാൽ തന്നെ സഹൽ ഒരിക്കലും ക്ലബ് വിടണമെന്ന് അവർ ആഗ്രഹിക്കുന്നില്ല. എന്നാൽ അതിനുള്ള സമയമെടുത്തുവെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ആറു വർഷമായി ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പമുള്ള താരം അടുത്ത സീസണിൽ കൊൽക്കത്ത ക്ലബായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനു വേണ്ടിയാകും കളിക്കുകയെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇന്ത്യൻ ഫുട്ബോളിലെ തന്നെ റെക്കോർഡ് ട്രാൻസ്‌ഫർ ഫീസായിരിക്കും സഹലിനായി മോഹൻ ബഗാൻ മുടക്കുകയെന്നാണ് റിപ്പോർട്ടുകൾ. ഈ തുക തന്നെയായിരിക്കും താരത്തെ വിട്ടുകൊടുക്കാൻ ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തെ പ്രേരിപ്പിച്ചിട്ടുമുണ്ടാവുക. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ നടപടി വന്നത് ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തെ സാമ്പത്തികപരമായി വളരെയധികം ഉലച്ചിട്ടുണ്ടെന്നത് വ്യക്തമാണ്.

കഴിഞ്ഞ ദിവസം സൗദി പ്രൊ ലീഗിൽ നിന്നും സഹലിനു ഓഫറുകൾ ഉണ്ടായിരുന്നുവെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെയാണ് താരം മോഹൻ ബഗാനിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നത്. ചെറുപ്പത്തിൽ യുഎഇയിലെ അൽ ഇത്തിഹാദ് അക്കാദമിയിൽ കളിച്ച സഹൽ സന്തോഷ് ട്രോഫിയിലൂടെയാണ് താരമാകുന്നത്. അതിനു ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കുന്നത്.

അറ്റാക്കിങ് മിഡ്‌ഫീൽഡർ, സെക്കൻഡ് സ്‌ട്രൈക്കർ എന്നീ പൊസിഷനുകൾക്ക് പുറമെ വിങ്ങിലും കളിക്കാൻ കഴിയുന്ന താരം ഏതൊരു ടീമിനും മുതൽക്കൂട്ടാണ്. എന്നാൽ താരം കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്നതിൽ പലർക്കും അനുകൂലമായ നിലപാടാണുള്ളത്. കൂടുതൽ പ്രൊഫെഷണൽ മനോഭാവമുള്ള ക്ലബ്ബിലേക്ക് പോവുകയാണ് ബ്ലാസ്റ്റേഴ്‌സിൽ തുടരുന്നതിനേക്കാൾ നല്ലതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Sahal Abdul Samad Set To Sign For Mohun Bagan