അർജന്റീന താരം ടീമിലെത്തിയാൽ ഞങ്ങൾക്കതു വലിയ നേട്ടം, ബ്രസീലിന്റെ വല്യേട്ടനും ശരിവെക്കുന്നു | Thiago Silva

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിനെ അഴിച്ചു പണിയുകയാണ് ചെൽസി. കഴിഞ്ഞ രണ്ടു ട്രാൻസ്‌ഫർ ജാലകങ്ങളിൽ വമ്പൻ താരങ്ങളെ സ്വന്തമാക്കിയ ചെൽസി പ്രധാനമായും ടീമിന് ആവശ്യമില്ലാത്ത താരങ്ങളെ ഒഴിവാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നേരത്തെ ടീമിന്റെ പ്രധാന താരങ്ങളായിരുന്നു പലരും മറ്റു ക്ളബുകളിലേക്ക് ചേക്കേറിയിട്ടുണ്ട്. മൗണ്ട്, കോവാസിച്ച്, കാന്റെ, മെൻഡി എന്നിവരെല്ലാം ഇതിലുൾപ്പെടുന്നു.

അതിനു പുറമെ ചില താരങ്ങളെ സ്വന്തമാക്കാനുള്ള നീക്കങ്ങളും ചെൽസി നടത്തുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം പരിശീലകൻ മൗറീസിയോ പോച്ചട്ടിനോയുടെ ഒരു ലക്‌ഷ്യം അർജന്റീന താരമായ പൗളോ ഡിബാലയാണ്. നിലവിൽ വെറും പന്ത്രണ്ടു മില്യൺ യൂറോ റിലീസിംഗ് ക്ളോസ് നൽകിയാൽ സ്വന്തമാക്കാൻ കഴിയുന്ന താരത്തിന്റെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട് ചെൽസിയുടെ മുതിർന്ന താരമായ തിയാഗോ സിൽവ കഴിഞ്ഞ ദിവസം പ്രതികരിക്കുകയുണ്ടായി.

“ചെൽസിയിലേക്ക് വരുന്ന കാര്യം ശരിയാണോയെന്ന് ഞാൻ ഡിബാലയോട് ചോദിച്ചപ്പോൾ താരം മറുപടിയൊന്നും നൽകിയില്ല. ടോപ് പ്ലെയറാണ് ഡിബാല, താരത്തിന്റെ സൈനിങ്‌ ഞങ്ങൾക്കു വലിയൊരു നേട്ടം തന്നെയായിരിക്കും. ഡിബാല വരണമെന്നു തന്നെയാണ് എന്റെ ആഗ്രഹം.” സിൽവ പറഞ്ഞു. ബ്രിട്ടീഷ് ഗ്രാൻഡ് പ്രിക്‌സിൽ വെച്ചാണ് ഡിബാലയും സിൽവയും തമ്മിൽ കണ്ടു മുട്ടിയത്. സിൽവ താരത്തോടെ ചെൽസിയിലേക്ക് വരാൻ ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ക്ലബായ റോമയിൽ കളിച്ച ഡിബാല മികച്ച പ്രകടനമാണ് നടത്തിയത്. അതിനു പുറമെ അർജന്റീനക്കൊപ്പം ലോകകപ്പ് നേട്ടത്തിലും താരം പങ്കാളിയായി. താരത്തെ സ്വന്തമാക്കാൻ ചെൽസി സജീവമായ ശ്രമങ്ങളാണ് നടത്തുന്നതെന്ന് സിൽവയുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്. നേരത്തെ അർജന്റീന താരം എൻസോ ഫെർണാണ്ടസിനെയും ചെൽസി സ്വന്തം തട്ടകത്തിലെത്തിച്ചിരുന്നു.

Thiago Silva Welcome Dybala To Chelsea