അപ്രതീക്ഷിത തീരുമാനവുമായി രാഹുൽ, കേരള ബ്ലാസ്റ്റേഴ്‌സിനു ഞെട്ടൽ | Rahul KP

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രധാന താരങ്ങളിലൊരാളായ സഹൽ അബ്ദുൽ സമദ് ഈ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ് വിടുമെന്ന സൂചനകൾ ശക്തമാണ്. താരവുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങളും വളരെയധികം സജീവമായി നിലനിൽക്കുന്നു. സൗദി പ്രൊ ലീഗിൽ നിന്നും സഹലിനു ഓഫർ വന്നുവെന്നും താരം മോഹൻ ബഗാനിലേക്ക് ചേക്കേറാനുള്ള തീരുമാനമെടുത്തുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതിനു പിന്നാലെ മറ്റൊരു വാർത്ത പുറത്തു വരുന്നത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരമായ രാഹുൽ കെപി ക്ലബുമായി കരാർ പുതുക്കാനുള്ള ഓഫർ വേണ്ടെന്നു വെച്ചുവെന്നാണ്. ഇരുപത്തിമൂന്നുകാരനായ താരം 2019 മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഭാഗമാണ്. ഐ ലീഗ് ക്ലബായ ഇന്ത്യൻ ആരോസിൽ നിന്നാണ് രാഹുൽ കെപി കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നത്.

കരാർ പുതുക്കാനുള്ള ഓഫർ താരം നിഷേധിക്കാനുള്ള കാരണം വ്യക്തമല്ല. നിലവിൽ സാമ്പത്തിക പ്രതിസന്ധി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ അലട്ടുന്നുണ്ട്. അതുകൊണ്ട് താരത്തിന് കരാർ പുതുക്കാൻ ഓഫർ ചെയ്‌ത പ്രതിഫലം കുറവായതു കൊണ്ടാണോ അത് നിഷേധിച്ചതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും ഇതോടെ താരവും ക്ലബ് വിടാനുള്ള സാധ്യതകൾ വർധിച്ചിട്ടുണ്ട്.

2025 വരെയാണ് രാഹുൽ കെപിക്ക് കേരള ബ്ലാസ്റ്റേഴ്‌സ് ടീമുമായി കരാർ ബാക്കിയുള്ളത്. അതുകൊണ്ടു തന്നെ താരത്തെ ടീമിൽ പിടിച്ചു നിർത്താൻ ക്ലബിന് കഴിയും. എന്നാൽ താരങ്ങളെ ഒന്നൊന്നായി ഒഴിവാക്കുന്ന ബ്ലാസ്റ്റേഴ്‌സ് രാഹുലിന്റെ കാര്യത്തിലും ആ തീരുമാനം എടുക്കില്ലെന്നു പറയാൻ കഴിയില്ല. ബ്ലാസ്റ്റേഴ്‌സ് ടീമിനായി അൻപതിലധികം മത്സരങ്ങൾ കളിച്ച താരമാണ് രാഹുൽ.

Rahul KP Rejected Blasters Renewal Offer