എംബാപ്പക്കെതിരെ തിരിഞ്ഞ് സഹതാരങ്ങൾ, പിഎസ്‌ജിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു | PSG

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പിഎസ്‌ജിയും എംബാപ്പയും തമ്മിലുള്ള ബന്ധം വഷളായി വരുന്നതിന്റെ സൂചനകൾ ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്. കരാർ പുതുക്കാൻ കഴിയില്ലെങ്കിൽ ക്ലബ് വിടണമെന്ന അന്ത്യശാസനം താരത്തിന് ക്ലബ് പ്രസിഡന്റായ നാസർ അൽ ഖലൈഫി നൽകിക്കഴിഞ്ഞു. അതിനു ശേഷം നൽകിയ ഒരു അഭിമുഖത്തിൽ എംബാപ്പെ നടത്തിയ പരാമർശങ്ങൾ പിഎസ്‌ജിയെ സ്നേഹിക്കുന്ന ആരാധകർക്ക് ഉൾക്കൊള്ളാൻ കഴിയാത്തതായിരുന്നു.

ചാമ്പ്യൻസ് ലീഗ് വിജയം നേടാൻ പിഎസ്‌ജിക്ക് എന്താണ് വേണ്ടതെന്ന് തനിക്കറിയില്ലെന്നും അത് തന്നെ ബാധിക്കുന്ന കാര്യമല്ലെന്നുമാണ് എംബാപ്പെ പറഞ്ഞത്. ക്ലബിന്റെ തലപ്പത്തുള്ള ആളുകളാണ് അത് കണ്ടത്തേണ്ടതെന്നും താരം പറഞ്ഞു. അതിനു പുറമെ പിഎസ്‌ജിയിൽ കളിക്കുന്നത് ബാലൺ ഡി ഓർ നേടാൻ തന്നെ സഹായിക്കുമെന്ന് കരുതുന്നില്ലെന്നും ക്ലബിലും ടീമിലും വിഭാഗീയത നിലനിൽക്കുന്നുണ്ടെന്നും താരം അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഈ വാക്കുകൾ താരത്തിനെതിരെ പ്രതിഷേധം ഉണ്ടാകാനുള്ള കാരണമായി മാറിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം എംബാപ്പെക്കെതിരെ ആറു പിഎസ്‌ജി താരങ്ങൾ ക്ലബ് നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. എംബാപ്പയുടെ വാക്കുകൾ ക്ലബ്ബിനെ അപമാനിക്കുന്നതിനു തുല്യമാണെന്നാണ് അവർ പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഏതൊക്കെ താരങ്ങളാണ് എംബാപ്പെക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. ആരാധകരും താരത്തിന് എതിരായി തുടങ്ങിയിരിക്കുന്നു.

നിലവിലെ സാഹചര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഈ സമ്മറിൽ തന്നെ എംബാപ്പെ പിഎസ്‌ജി വിടാനുള്ള സാധ്യത തന്നെയാണ് കാണുന്നത്. ഒരു വർഷം കൂടി ക്ലബിൽ തുടരേണ്ടി വന്നാൽ താരത്തിനെതിരെ ആരാധകരുടെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. കരാർ അവസാനിക്കുന്നത് വരെ എംബാപ്പയെ നിലനിർത്താൻ കഴിയില്ലെന്നും ഒന്നുകിൽ കരാർ പുതുക്കുക, അല്ലെങ്കിൽ ക്ലബ് വിടുകയെന്ന അന്ത്യശാസനം ക്ലബ് നേതൃത്വം നൽകിയിട്ടുണ്ട്.

Six PSG Players Complained About Mbappe Comments