റൊണാൾഡോ ട്രാൻസ്‌ഫറിനു ശേഷം സംഭവിച്ചത് മെസിയുടെ കാര്യത്തിലും ആവർത്തിക്കുന്നു, പ്രതിഷേധമറിയിച്ച് ഇന്റർ മിയാമി താരം | Messi

ഒരാഴ്‌ചക്കകം ഇന്റർ മിയാമി ലയണൽ മെസിയുടെ സൈനിങ്‌ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. അതിനു ശേഷം ജൂലൈ ഇരുപത്തിരണ്ടിനു നടക്കുന്ന മത്സരത്തിൽ താരം അരങ്ങേറ്റം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. മെസിയുടെ വരവിനായി കാത്തിരിക്കുകയാണ് അമേരിക്കയിലെ ഫുട്ബോൾ ആരാധകർ. എംഎൽഎസിൽ ഇന്നുവരെ കളിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ താരമാണ് ലയണൽ മെസി.

എന്നാൽ മെസിയുടെ വരവിൽ എല്ലാവരും തൃപ്‌തരാണെന്ന് കരുതാൻ കഴിയില്ല. കഴിഞ്ഞ ദിവസം ഇന്റർ മിയാമി താരമായ റോഡോൾഫോ പിസാറോ പറഞ്ഞ വാക്കുകൾ അതിനു തെളിവാണ്. നിലവിൽ ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണെങ്കിലും മെസിയും മറ്റു താരങ്ങളും പിസാറോക്ക് സ്ഥാനം നഷ്‌ടപ്പെടുമെന്ന് ഉറപ്പാണ്. അതിന്റെ ആശങ്കയാണ് അറ്റാക്കിങ് മിഡ്‌ഫീൽഡിൽ കളിക്കുന്ന താരം പങ്കു വെച്ചത്.

“എനിക്കിപ്പോഴും കരാർ ബാക്കിയുണ്ട്. എന്നെയവർ വിൽക്കുമോയെന്ന് അറിയില്ല. അങ്ങിനെ സംഭവിച്ചാൽ അതു വിചിത്രമായ കാര്യമായിരിക്കും. ലോകത്തെ ലീഗുകളിൽ എംഎൽഎസിൽ മാത്രമേ ഇങ്ങിനെ സംഭവിക്കൂ എന്നാണു ഞാൻ കരുതുന്നത്.” മെക്‌സിക്കോ ദേശീയ ടീമിന് വേണ്ടി മുപ്പത്തിയഞ്ചു മത്സരങ്ങൾ കളിച്ചിട്ടുള്ള ഇരുപത്തിയൊമ്പതുകാരനായ താരം പറഞ്ഞു.

വമ്പൻ താരങ്ങൾ വരുമ്പോൾ ടീമിലെ പ്രധാന താരങ്ങൾ വഴി മാറേണ്ടി വരുന്നത് സ്വാഭാവികമാണ്. റൊണാൾഡോ സൗദി ക്ളബിലെത്തിയപ്പോൾ സമാനമായ രീതിയിൽ വിൻസന്റ് അബൂബക്കറിന് ക്ലബ് വിടേണ്ടി വന്നിരുന്നു. അതെ അവസ്ഥയാണ് പിസാറോയുടേതും. പുതിയ പരിശീലകനായ ടാറ്റ മാർട്ടിനോ താരത്തെ വിൽക്കാനുള്ള സാധ്യതകൾ തള്ളിക്കളയുന്നുമില്ല.

Rodolfo Pizzaro Upset After Lionel Messi Signing