“ഒരൊറ്റ കാര്യമേ മെസിക്ക് കഴിയാത്തതായുള്ളൂ”- അർജന്റീനക്ക് ലോകകപ്പ് നേടിക്കൊടുത്ത പരിശീലകന്റെ വാക്കുകൾ | Messi

ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ലയണൽ മെസി. ദേശീയ ടീമിനൊപ്പം കിരീടങ്ങൾ നേടാൻ കഴിയാത്തതിനെ തുടർന്ന് നിരവധി കാലം ഇക്കാര്യത്തിൽ തർക്കങ്ങൾ നടന്നിരുന്നെങ്കിലും കഴിഞ്ഞ രണ്ടു വർഷത്തിനിടെ സാധ്യമായ എല്ലാ കിരീടങ്ങളും അർജന്റീനക്കൊപ്പം സ്വന്തമാക്കി ആ ഒരു സംശയത്തിനും ഇടയില്ലാത്ത വിധത്തിൽ ചരിത്രത്തിലെ മികച്ച താരമായി മെസി മാറി.

കളിക്കളത്തിൽ ഓൾ ഇൻ വൺ ആണ് ലയണൽ മെസി. ഗോളുകൾ അടിച്ചു കൂട്ടാനും അതുപോലെ ഗോളുകൾക്ക് അവസരങ്ങൾ നൽകാനും താരത്തിന് കഴിയുന്നു. മധ്യനിരയുടെയും പിന്നിലേക്ക് ഇറങ്ങിച്ചെന്നു പന്ത് സ്വീകരിച്ച് അതുമായി മുന്നേറി ഗോളവസരങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നു. അങ്ങിനെ സ്‌ട്രൈക്കർ എന്ന നിലയിലും പ്ലേമേക്കർ എന്ന നിലയിലും മെസി കഴിവ് തെളിയിച്ചിട്ടുണ്ട്.

എന്നാൽ ലയണൽ മെസിക്ക് കഴിയാത്തതായി ഒരു കാര്യമുണ്ടെന്നാണ് അർജന്റീനയുടെ മുൻ പരിശീലകനായ സെസാർ ലൂയിസ് മെനോട്ടി രസകരമായ രീതിയിൽ പറയുന്നത്. “മെസി, അവനു മോശമായി കളിക്കണമെന്ന ആഗ്രഹമുണ്ടെങ്കിൽ പോലും അതിനു കഴിയില്ല. അതു മാത്രമാണ് മെസിക്ക് കഴിയാത്ത കാര്യം, മോശമായി കളിക്കുക.” അർജന്റീനക്ക് ആദ്യമായി ലോകകപ്പ് നേടിക്കൊടുത്ത പരിശീലകൻ പറഞ്ഞു.

മെനോട്ടിയുടെ വാക്കുകൾ ശരിയാണെന്ന് മെസിയുടെ കളി സ്ഥിരമായി കാണുന്ന ഏതൊരാൾക്കും മനസിലാകും. ടീം തോൽക്കുന്ന മത്സരമാണെങ്കിൽ പോലും മെസിയുടെ കാലിൽ നിന്നും മികച്ച നീക്കങ്ങളും അവസരങ്ങൾ സൃഷ്‌ടിച്ചെടുക്കലും കാണാറുണ്ട്. ടീം മോശമാണെങ്കിൽ പോലും മെസിയുടെ പ്രകടനം മോശമായിരുന്നു എന്ന അഭിപ്രായം പൊതുവെ ഉണ്ടാകാറില്ല.

Menotti Reveals One Problem Of Messi