മെസിയും അർജന്റീനയുമല്ല കേരളത്തിനു വേണ്ടത്, ഭാവിതാരങ്ങൾക്ക് പരിശീലനം നൽകാനുള്ള മൈതാനമാണ്: ആഷിഖ് കുരുണിയൻ | Ashique Kuruniyan

ലയണൽ മെസിയെയും അർജന്റീനയെയും കേരളത്തിൽ കൊണ്ടുവന്നു കളിപ്പിക്കാനുള്ള പദ്ധതിയെക്കാൾ ഭാവി താരങ്ങൾക്ക് മികച്ച പരിശീലനത്തിനുള്ള സൗകര്യങ്ങളാണ് വേണ്ടതെന്ന് ഇന്ത്യൻ ഫുട്ബോൾ ടീം താരമായ ആഷിഖ് കുരുണിയൻ. സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ കിരീടം നേടുന്നതിൽ നിർണായക പങ്കു വഹിച്ച താരം അതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മലപ്പുറത്ത് നിന്നും എഐഎസ്എല്ലിലും ഇന്ത്യൻ ഫുട്ബോൾ ടീമിലും കളിക്കുന്ന നിരവധി താരങ്ങൾ ഉണ്ടെങ്കിലും അവർക്ക് പരിശീലനം നടത്താനുള്ള സൗകര്യമില്ലെന്നു താരം പറയുന്നു. സെവൻസ് ടർഫ് വാടകക്ക് എടുത്താണ് പരിശീലനം നടത്തുന്നതെന്നും പ്രൊഫെഷണൽ ഫുട്ബോൾ കളിക്കുന്ന താരങ്ങൾ സെവൻസ് ഗ്രൗണ്ടിൽ പരിശീലനം നടത്തിയിട്ട് യാതൊരു കാര്യവുമില്ലെന്നും ആഷിഖ് പറഞ്ഞു.

മലപ്പുറത്തുള്ള രണ്ടു സ്റ്റേഡിയങ്ങളായ മഞ്ചേരിയും കോട്ടപ്പടിയും മത്സരങ്ങൾ നടക്കുമ്പോൾ മാത്രം തുറക്കുന്നവയാണ്. ആരു ഭരിച്ചാലും ഇതു തന്നെയാണ് സ്ഥിതി. ഫുട്ബോളിന്റെ വളർച്ചയാണ് ലക്‌ഷ്യം വെക്കുന്നതെങ്കിൽ അതിനുള്ള മികച്ച സൗകര്യങ്ങളാണ് ഒരുക്കേണ്ടതെന്നും സെവൻസ് ഗ്രൗണ്ടിൽ പരിശീലനം നടത്തിയാൽ ഒരു സെറ്റ് പീസ് പോലും പ്രാക്റ്റിസ് ചെയ്യാൻ കഴിയില്ലെന്നും താരം പറയുന്നു.

ഇഗോർ സ്റ്റിമാച്ച് പരിശീലകനായി വന്ന സമയത്ത് ഓഫ് സീസണിൽ തന്നോട് പരിശീലനം നടത്താൻ പറഞ്ഞിരുന്നു. മൈതാനത്തോ പാർക്കുകളിലോ പോയി പരിശീലനം നടത്താനാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ യൂറോപ്പിൽ ലഭിക്കുന്നത് പോലെയുള്ള സൗകര്യങ്ങൾ ഇവിടെയില്ലാത്തതിനാൽ പരിശീലിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും ആഷിക് പറയുന്നു.

ഇന്റർകോണ്ടിനെന്റൽ കപ്പ് നടന്ന ഒഡിഷയിലെ സൗകര്യങ്ങളെക്കുറിച്ചും ആഷിഖ് സംസാരിച്ചു. ഇന്ത്യൻ ടീമിലോ ഇന്ത്യൻ സൂപ്പർ ലീഗിലോ ഒരു താരം പോലുമില്ലാത്ത സംസ്ഥാനമായിട്ടു പോലും യൂറോപ്യൻ ലെവെലിലുള്ള സൗകര്യങ്ങളാണ് അവിടെ ഒരുക്കിയിരിക്കുന്നതെന്നും അതുപോലെയൊരു സമീപനമാണ് വേണ്ടതെന്നും ആഷിഖ് വ്യക്തമാക്കി.

Ashique Kuruniyan Demands Better Training Facilities In Kerala