തുർക്കിഷ് മെസി ബാഴ്‌സലോണയെ തഴഞ്ഞ് റയൽ മാഡ്രിഡിലേക്ക്, കട്ടക്കലിപ്പിൽ താരത്തിന്റെ ക്ലബ് | Arda Guler

ഫെനർബാഷെയുടെ തുർക്കിഷ് താരമായ ആർദ ഗുളർ ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നതെങ്കിലും അത് സംഭവിക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പതിനെട്ടുകാരനായ താരം ബാഴ്‌സലോണയുടെ ഓഫർ തഴഞ്ഞു റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള തീരുമാനമെടുത്തുവെന്നും അടുത്ത ദിവസം തന്നെ ട്രാൻസ്‌ഫർ പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് പുതിയ വിവരങ്ങൾ.

തുർക്കിഷ് മെസിയെന്ന് അറിയപ്പെടുന്ന ആർദ ഗുളറെ സ്വന്തമാക്കാൻ ബാഴ്‌സലോണയാണ് ആദ്യം മുതലേ ശ്രമങ്ങൾ നടത്തിയിരുന്നത്. ബാഴ്‌സലോണ സ്പോർട്ടിങ് ഡയറക്റ്ററായ ഡെക്കോ തുർക്കിഷ് ക്ലബുമായി ചർച്ചകൾ നടത്തുകയും ട്രാൻസ്‌ഫർ ഡീലിൽ മുന്നോട്ടു പോവുകയും ചെയ്‌തിരുന്നു. താരത്തെ വാങ്ങി ഒരു സീസൺ തുർക്കിഷ് ക്ലബിനു തന്നെ ഒരു വർഷത്തെ ലോണിൽ നൽകാനുള്ള പദ്ധതിയായിരുന്നു ബാഴ്‌സയുടേത്.

എന്നാൽ കഴിഞ്ഞ ദിവസം ഫെനർബാഷെ പ്രസിഡന്റുമായി നടത്തിയ ചർച്ചകളിൽ തനിക്ക് ക്ലബ് വിടാനുള്ള ആഗ്രഹമാണ് ഗുളർ പ്രകടിപ്പിച്ചത്. ഈ സമ്മറിൽ തന്നെ റയൽ മാഡ്രിഡിലേക്ക് എത്താനുള്ള പദ്ധതിയാണ് താരത്തിനുള്ളത്. താരത്തിന്റെ തീരുമാനത്തെ കുടുംബം പിന്തുണക്കുന്നുണ്ടെങ്കിലും ഫെനർബാഷെ ക്ലബ് നേതൃത്വത്തിന് അതിൽ വളരെയധികം അതൃപ്‌തിയുണ്ട്.

മാർക്ക, എഎസ് എന്നിവയുടെ റിപ്പോർട്ടുകൾ പ്രകാരം ഗുളർ റയൽ മാഡ്രിഡിനെ തിരഞ്ഞെടുത്തു കഴിഞ്ഞു. ബാഴ്‌സലോണയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണിത്. ഇതാദ്യമായല്ല ബാഴ്‌സലോണ ശ്രമം ചർച്ചകൾ നടത്തിയ താരത്തെ റയൽ മാഡ്രിഡ് സ്വന്തമാക്കുന്നത്. വിനീഷ്യസ്, റോഡ്രിഗോ തുടങ്ങിയ കളിക്കാരെല്ലാം ഇത്തരത്തിലാണ് റയൽ മാഡ്രിഡിൽ എത്തിയത്.

Arda Guler Snubs Barca For Real Madrid