നൽകിയ വാക്ക് എംബാപ്പെ മറക്കുന്നു, കരാർ പുതുക്കുന്നില്ലെങ്കിൽ ക്ലബിൽ നിന്നും പുറത്തു പോകാമെന്ന് പിഎസ്‌ജി | Mbappe

അടുത്ത സീസൺ കഴിയുന്നതോടെ അവസാനിക്കുന്ന തന്റെ കരാർ പുതുക്കാൻ തയ്യാറല്ലെന്ന് അറിയിച്ച എംബാപ്പെക്ക് അന്ത്യശാസനവുമായി പിഎസ്‌ജി പ്രസിഡന്റായ നാസർ അൽ ഖലൈഫി. കരാർ പുതുക്കാൻ തയ്യാറല്ലെന്ന നിലപാടാണ് താരത്തിനുള്ളതെങ്കിൽ ഈ സമ്മറിൽ ക്ലബ് വിടാമെന്നും ലോകത്തിലെ ഏറ്റവും മികച്ച താരത്തെ ഫ്രീ ഏജന്റായി നഷ്‌ടപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“എന്റെ നിലപാട് വളരെ കൃത്യമാണ്, അത് ആവർത്തിക്കേണ്ട കാര്യമില്ല. കിലിയന് ഇവിടെത്തന്നെ തുടരണമെങ്കിൽ ഞങ്ങൾക്കും അതാണ് വേണ്ടത്. എന്നാൽ പുതിയ കരാർ ഒപ്പിട്ടതിനു ശേഷം മാത്രം. ലോകത്തിലെ ഏറ്റവും മികച്ച താരത്തെ ഫ്രീ ഏജന്റായി നഷ്‌ടപെടുത്താൻ ഞങ്ങൾക്ക് കഴിയില്ല. ഒരിക്കലും ഫ്രീ ട്രാൻസ്‌ഫറിൽ ക്ലബ് വിടില്ലെന്ന് താരം അറിയിച്ചിരുന്നു, അതിൽ മാറ്റമുണ്ടെങ്കിൽ ഞങ്ങളുടെ കുഴപ്പമല്ല.” അദ്ദേഹം പറഞ്ഞു.

“എംബാപ്പെക്ക് ഒരാഴ്‌ചക്കകമോ അല്ലെങ്കിൽ രണ്ടാഴ്‌ചക്കകമോ ഇക്കാര്യത്തിൽ തീരുമാനം എടുക്കാം. അതിൽ കൂടുതൽ അനുവദിക്കാൻ കഴിയില്ല. താരത്തിന് കരാർ പുതുക്കേണ്ടെന്നാണ് ആഗ്രഹമെങ്കിൽ ക്ലബിന്റെ വാതിലുകൾ തുറന്നു കൊടുക്കുകയാണ്. ഒരാളും ക്ലബിനെക്കാളും വലുതല്ല, ഒരു കളിക്കാരനും, ഞാൻ പോലും വലുതല്ല. അത് വ്യക്തമാണ്.” നാസർ അൽ ഖലൈഫി വ്യക്തമാക്കി.

പിഎസ്‌ജിയുടെ ഈ നിലപാട് എംബാപ്പെക്ക് വളരെയധികം സമ്മർദ്ദം നൽകുന്ന ഒന്നാണ്. താരത്തിന്റെ ആഗ്രഹം റയൽ മാഡ്രിഡിലേക്ക് ചേക്കേറുകയെന്നാണ്. എന്നാൽ റയൽ മാഡ്രിഡിന് നിലവിൽ താരത്തെ സ്വന്തമാക്കാൻ യാതൊരു പദ്ധതിയുമില്ല. ഇതേ നിലപാടിൽ റയൽ മാഡ്രിഡ് നിന്നാൽ താരം പിഎസ്‌ജി കരാർ പുതുക്കുകയോ അല്ലെങ്കിൽ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുകയോ വേണ്ടി വരും.

PSG President Warns Kylian Mbappe