രണ്ടു കാലും രണ്ടു കണ്ണുമാണ് മെസിക്കുമുള്ളത്, മെസി ഇറങ്ങിയാലും വിജയം തങ്ങൾക്കാകുമെന്ന് എംഎൽഎസ് താരം | Messi

അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറുമെന്ന് തീരുമാനിച്ച ലയണൽ മെസിയുടെ സൈനിങ്‌ ഏതാനും ദിവസങ്ങൾക്കുള്ളിൽ ക്ലബ് പ്രഖ്യാപിക്കാനിരിക്കയാണ്. ജൂലൈ പതിനഞ്ചിനു മുൻപ് താരത്തിന്റെ സൈനിങ്‌ പ്രഖ്യാപിച്ച് ജൂലൈ ഇരുപത്തിരണ്ടിനു നടക്കുന്ന മത്സരത്തിൽ മെസിക്ക് അരങ്ങേറ്റം നടത്താനുള്ള അവസരം ഒരുക്കുന്നതിനാണ് ഇന്റർ മിയാമി ഇപ്പോൾ പദ്ധതിയിടുന്നത്.

ലോകഫുട്ബോളിന്റെ ഏറ്റവും ഔന്ന്യത്യത്തിൽ നിൽക്കുന്ന ലയണൽ മെസിയെപ്പോലൊരു താരം തങ്ങളുടെ ലീഗിലേക്ക് വരുന്നതിന്റെ ആവേശം ഇന്റർ മിയാമി ആരാധകർക്ക് മാത്രമല്ല മറ്റു ക്ലബുകളുടെ ആരാധകർക്കു വരെയുണ്ട്. അതേസമയം ലയണൽ മെസിക്കെതിരെ കളിക്കാൻ യാതൊരു ഭയവുമില്ലെന്നാണ് താരത്തിന്റെ അരങ്ങേറ്റത്തിലെ എതിരാളികളാകുമെന്ന് പ്രതീക്ഷിക്കുന്ന ക്രൂസ് അസുൽ ക്ലബിന്റെ താരമായ എറിക് ലിറ പറയുന്നത്.

“രണ്ടു കണ്ണും രണ്ടു കാലും മാത്രമേയുള്ളൂ എന്നിടത്തോളം ലയണൽ മെസിയൊരു സാധാരണ താരം മാത്രമാണ്. ഇതൊരു വലിയ അവസരമാണ്. മറ്റൊരു ടൂർണ്ണമെന്റിലാണ് കളിക്കുന്നത്. ഞങ്ങൾക്കതിനു പോരാടിയെ മതിയാകൂ. ലയണൽ മെസിക്ക് കൂടുതൽ പ്രാധാന്യമുണ്ടെങ്കിലും ഞങ്ങളുടെ മാനേജർ പറഞ്ഞത് അദ്ദേഹവും മറ്റൊരു കളിക്കാരനാണെന്നാണ്. ഞങ്ങൾ തന്നെയാണ് വിജയിക്കാൻ പോകുന്നത്.” മെക്‌സിക്കൻ താരമായ എറിക് ലിറ പറഞ്ഞു.

ലയണൽ മെസിയുടെ അമേരിക്കയിലെ അരങ്ങേറ്റമത്സരമായതിനാൽ തന്നെ ലോകമെമ്പാടുമുള്ള ആരാധകർ അതിലേക്ക് ശ്രദ്ധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. നിലവിൽ അമേരിക്കൻ ലീഗിൽ മോശം ഫോമിലാണ് ഇന്റർ മിയാമി കളിക്കുന്നത്. മെസി വരുന്നതോടെ അതിൽ മാറ്റമുണ്ടാകുമെന്നാണ് ഏവരുടെയും പ്രതീക്ഷ. അതേസമയം മെസിയുടെ അരങ്ങേറ്റമത്സരം ലീഗ് കപ്പിലാണ് നടക്കുന്നത്.

Erik Lira Send Warning To Lionel Messi