ഇന്ത്യക്ക് അടുത്ത ലോകകപ്പ് കളിക്കാനാവും, സുപ്രധാന നിർദ്ദേശവുമായി അർജന്റൈൻ ഹീറോ എമിലിയാനോ | Emiliano Martinez

ഖത്തർ ലോകകപ്പിൽ ഇന്ത്യക്ക് അകമഴിഞ്ഞ പിന്തുണ നൽകിയ അർജന്റീന ആരാധകരെ കാണാൻ കഴിഞ്ഞ ദിവസമാണ് ടീമിന്റെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് ഇന്ത്യയിൽ എത്തിയത്. കൊൽക്കത്ത സന്ദർശിച്ച അദ്ദേഹം നിരവധി പരിപാടികളിൽ പങ്കെടുക്കുകയും ചെയ്‌തിരുന്നു. വലിയ രീതിയിലുള്ള സ്വീകരണമാണ് അദ്ദേഹത്തിന് ഇന്ത്യൻ മണ്ണിൽ നിന്നും ലഭിച്ചത്.

ഇന്ത്യയിലെ ആരാധകരോട് വലിയ സ്നേഹമാണ് എമിലിയാനോ മാർട്ടിനെസിനെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്. ഇന്ത്യയിൽ ഏതാനും ആരാധകരെ കാണാനും കഴിഞ്ഞതിൽ തനിക്കുള്ള സന്തോഷം വെളിപ്പെടുത്തിയ താരം ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്കുള്ള നിർദ്ദേശങ്ങളും നൽകി. എമിലിയാനോ ഇന്ത്യയിലുണ്ടായിരുന്ന ദിവസം തന്നെയാണ് സാഫ് ചാമ്പ്യൻഷിപ്പ് കിരീടം ടീം നേടിയത്.

“എനിക്ക് തോന്നുന്നത് നിങ്ങൾക്കു വേണ്ട ആദ്യത്തെ കാര്യം യൂറോപ്യൻ പരിശീലകരെ ക്ലബുകളിൽ നിയമിക്കുകയെന്നതാണ്. മികച്ച പരിശീലകരിൽ നിക്ഷേപം നടത്തി വളരെ ചെറിയ പ്രായത്തിൽ തന്നെ താരങ്ങളെ യൂറോപ്യൻ ഫുട്ബോൾ കളിക്കാൻ പ്രാപ്‌തരാക്കി മാറ്റിയാൽ ഇന്ത്യക്ക് ലോകകപ്പിൽ എത്താനും മികച്ച പ്രകടനം നടത്താനും കഴിയും.” എമിലിയാനോ മാർട്ടിനസ് പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗ് വന്നതിനു ശേഷം ഇന്ത്യൻ ഫുട്ബോളിനു വലിയ രീതിയിലുള്ള വളർച്ച സംഭവിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. സാങ്കേതികമായി ഒന്നുകൂടി ഉയർന്ന നിലവാരത്തിൽ കളിക്കുന്ന ഇന്ത്യൻ ടീം ഈ വർഷം മാത്രം മൂന്നു കിരീടങ്ങളാണ് നേടിയത്. ഇനി ഏഷ്യൻ കപ്പാണ് ഇന്ത്യക്കു മുന്നിലുള്ള പ്രധാന പോരാട്ടം. എന്തായാലും ലോകകപ്പിൽ എത്താൻ കഴിയുമെന്ന പ്രതീക്ഷ നൽകുന്ന പ്രകടനമാണ് ഇന്ത്യ ഇപ്പോൾ നടത്തുന്നത്.

Emiliano Martinez Thoughts To Improve Indian Football