അർജന്റീനിയൻ മാലാഖയെ അത്ഭുതപ്പെടുത്തി ആരാധകർ, ലഭിച്ചത് ഉജ്ജ്വല വരവേൽപ്പ് | Di Maria

ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ഏഞ്ചൽ ഡി മരിയ നടത്തിയ പ്രകടനം ഏവരുടെയും മനസ്സിൽ മായാതെ നിൽക്കുന്ന ഒന്നാണ്. വലിയൊരു ഹീറോ പരിവേഷമാണ് അതിലൂടെ ഡി മരിയക്ക് ലഭിച്ചത്. താരത്തെ ക്ലബിൽ തന്നെ നിലനിർത്താൻ യുവന്റസിന് താൽപര്യം ഉണ്ടായിരുന്നെങ്കിലും ക്ലബ് വിടാനുള്ള തീരുമാനമാണ് ഡി മരിയ എടുത്തത്. തന്റെ മുൻ ക്ലബായ ബെൻഫിക്കയിലേക്ക് താരം ചേക്കേറുകയും ചെയ്‌തു.

ഏഞ്ചൽ ഡി മരിയ യൂറോപ്പിൽ തന്റെ കരിയർ ആരംഭിക്കുന്നത് ബെൻഫിക്കയിലൂടെയാണ്. വളരെ മികച്ചൊരു ബന്ധം താരവും ക്ലബും തമ്മിലുണ്ട്. അതുകൊണ്ടു തന്നെ തന്റെ വീടു പോലെയാണ് താരം ബെൻഫിക്കയെ കാണുന്നത്. ഏഞ്ചൽ ഡി മരിയയെ ബെൻഫിക്ക ആരാധകരും വളരെയധികം സ്നേഹിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നിരവധി ആരാധകരാണ് ഡി മരിയയെ കാണാൻ തടിച്ചു കൂടിയത്.

“ഇവിടേക്ക്, എന്റെ വീട്ടിലേക്ക് വരാൻ കഴിഞ്ഞത് വളരെയധികം സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. എല്ലാറ്റിനും ഞാൻ ഒരുപാട് കടപ്പെട്ടിരിക്കുന്നു. എനിക്ക് നിരവധി ഓഫറുകൾ വന്നിരുന്നു. എന്നാൽ എന്റെ വീട്ടിലേക്ക് തിരിച്ചു വരാനുള്ള ആഗ്രഹവും ആകാംക്ഷയും എനിക്കുണ്ടായിരുന്നു. എന്റെ ഹൃദയം കൊണ്ടാണ് ഞാൻ തീരുമാനമെടുത്തത്.” ഏഞ്ചൽ ഡി മരിയ ആരാധകരോട് പറഞ്ഞു.

സൗദി അറേബ്യ, എംഎൽഎസ് തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള വമ്പൻ ഓഫർ തഴഞ്ഞാണ് ഏഞ്ചൽ ഡി മരിയ ബെൻഫിക്കയിലേക്ക് ചേക്കേറിയത്. യൂറോപ്പിൽ തന്നെ തുടരാനും അതിലൂടെ അടുത്ത കോപ്പ അമേരിക്കയിൽ അർജന്റീന ടീമിൽ സ്ഥാനം നേടാനുള്ള താൽപര്യവും താരത്തിന്റെ തീരുമാനത്തിന് കാരണമായി. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ കളിച്ച ടീമാണ് ബെൻഫിക്ക.

Benfica Fans Welcome Angel Di Maria