ഇങ്ങിനെയാണ്‌ ഇന്ത്യൻ ഫുട്ബോൾ വളരാൻ സഹായിക്കേണ്ടത്, ആഷിഖിന് അഭിനന്ദനവുമായി ഇഗോർ സ്റ്റിമാച്ച് | Igor Stimac

അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ സംസാരിച്ച ഇന്ത്യൻ ഫുട്ബോൾ താരം ആഷിഖ് കുരുണിയനു പിന്തുണയുമായി ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ച്. വമ്പൻ ടീമുകളെ പണം മുടക്കി ഇന്ത്യയിൽ കൊണ്ടുവരുന്നതിനു പകരം അവർക്കെതിരെ ടൂർണമെന്റുകളിൽ കളിക്കുന്ന ഒരു കാലം ഇന്ത്യക്ക് വരുമെന്ന് സ്റ്റിമാച്ച് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അർജന്റീനയെ കൊണ്ടുവരാനുള്ള പദ്ധതികളെ ആഷിഖ് എതിർത്തത്. ഇന്ത്യൻ ടീമിലും ഐഎസ്എല്ലിലും നിരവധി മലയാളി താരങ്ങൾ കളിക്കുന്നുണ്ടെന്നിരിക്കെ അവർക്ക് വളരാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ ലഭ്യമാക്കുകയാണ് വേണ്ടതെന്നാണ് ആഷിഖ് പറഞ്ഞത്. താനടക്കമുള്ള ഇന്ത്യൻ താരങ്ങൾക്ക് കൃത്യമായ പരിശീലനം നടത്താൻ കേരളത്തിൽ സൗകര്യമില്ലെന്നും താരം പറഞ്ഞിരുന്നു.

“നല്ല കാര്യം മകനെ, ഇങ്ങിനെയാണ്‌ നമ്മൾ ഇന്ത്യൻ ഫുട്ബോൾ വളരാൻ സഹായിക്കേണ്ടത്, അല്ലാതെ ടീമുകൾ 90 മിനുട്ട് കളിക്കാൻ വേണ്ടി വമ്പൻ തുക മുടക്കി ഇവിടേക്കു കൊണ്ടു വന്നിട്ടല്ല. അവർക്കെതിരെ വമ്പൻ ടൂർണമെന്റുകളിൽ കളിക്കുന്ന കാലം അടുത്ത് തന്നെ നമുക്കുണ്ടാകും.” ഇന്ത്യൻ ഫുട്ബോൾ ടീം ട്വിറ്ററിൽ ആഷിഖിന്റെ അഭിപ്രായം കുറിച്ചതിനു മറുപടിയായി സ്റ്റിമാച്ച് പറഞ്ഞു.

ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്കായി പരിശീലകരും താരങ്ങളും ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്നുണ്ടെന്ന് വ്യക്തമാണ്. പരിശീലകനും താരങ്ങളും തമ്മിലുള്ള മികച്ച ബന്ധവും അദ്ദേഹത്തിന്റെ മറുപടിയിൽ തെളിഞ്ഞു നിൽക്കുന്നു. ഈ വർഷം ഇതുവരെ മൂന്നു കിരീടങ്ങൾ സ്വന്തമാക്കിയ ഇന്ത്യൻ ടീം സ്റ്റിമാച്ചിന് കീഴിൽ മികച്ച ഫോമിലാണുള്ളത്. ഇന്ത്യൻ ഫുട്ബോൾ ടീം വളരെ മെച്ചപ്പെട്ടുവെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

Igor Stimac Agrees With Ashique Kuruniyan