മികച്ച പരിശീലകരെ തിരഞ്ഞെടുത്ത് ഇഎസ്‌പിഎൻ, മാസ് എൻട്രിയുമായി ലയണൽ സ്‌കലോണി | Scaloni

ലോകഫുട്ബോളിൽ നിലവിലെ ഏറ്റവും മികച്ച നൂറു പരിശീലകരെ തിരഞ്ഞെടുത്തത് പ്രമുഖ കായിക മാധ്യമമായ ഇഎസ്‌പിഎൻ. കഴിഞ്ഞ കുറച്ചു സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പരിശീലകരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ട്രെബിൾ കിരീടം നേടിയ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളായാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്.

മികച്ച പരിശീലകരുടെ ടോപ് ടെൻ ലിസ്റ്റ് എടുത്താൽ അതിലെ മാസ് എൻട്രി അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണിയുടേതാണ്. ടോപ് ടെൻ പരിശീലകരിൽ ബാക്കി ഒൻപത്‌ പേരും ക്ലബ് പരിശീലകർ ആണെന്നിരിക്കെ ദേശീയ ടീമിൽ നിന്നും സ്‌കലോണി മാത്രമാണ് ലിസ്റ്റിലുള്ളത്. പട്ടികയിൽ ആറാം സ്ഥാനത്താണ് അർജന്റീനക്ക് ലോകകപ്പ് നേടിക്കൊടുത്ത പരിശീലകനുള്ളത്.

റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടി രണ്ടാം സ്ഥാനത്തുള്ള ലിസ്റ്റിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്നത് കഴിഞ്ഞ സീസണിൽ നാപ്പോളിയെ സീരി എ കിരീടത്തിലേക്ക് നയിച്ച ലൂസിയാനോ സ്‌പല്ലെറ്റിയാണ്. പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തെത്തിയ ആഴ്‌സണൽ പരിശീലകൻ മൈക്കൽ അർടെട്ട നാലാം സ്ഥാനത്തും ലിവർപൂൾ മാനേജർ ക്ളോപ്പ് അഞ്ചാം സ്ഥാനത്തുമാണ്.

ആറാം സ്ഥാനത്തുള്ള ലയണൽ സ്‌കലോണിക്ക് പിന്നിൽ ഏഴാം സ്ഥാനത്തു നിൽക്കുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗാണ്. ബ്രൈറ്റൻ പരിശീലകൻ റോബർട്ടോ ഡി സെർബി എട്ടാം സ്ഥാനത്തും ഇന്റർ മിലാൻ പരിശീലകൻ സിമോൺ ഇൻസാഗി ഒൻപതാം സ്ഥാനത്തും നിൽക്കുന്ന പട്ടികയിൽ പത്താമതുള്ളത് ബാഴ്‌സലോണ മാനേജർ സാവിയാണ്.

Scaloni Sixth In ESPN Top Coaches List