ലോകകപ്പിൽ മിന്നുന്ന പ്രകടനം നടത്തിയിട്ടും അർജന്റീന താരം ക്ലബിൽ നിന്നും പുറത്തേക്ക്

ഒന്നര വർഷത്തിനിടെ അർജന്റീന സ്വന്തമാക്കിയ മൂന്നു കിരീടനേട്ടങ്ങളിലും നിർണായകമായ പങ്കു വഹിച്ച താരമാണ് റോഡ്രിഗോ ഡി പോൾ. മധ്യനിരയിൽ വളരെയധികം അധ്വാനിച്ചു കളിക്കുന്ന താരം ലയണൽ സ്‌കലോണിയുടെ പദ്ധതികളിൽ അവിഭാജ്യഘടകമാണ്. ഈ ലോകകപ്പിലും എല്ലാ മത്സരങ്ങളിലും ഇറങ്ങിയ താരം മികച്ച പ്രകടനം നടത്തി ടീമിന്റെ കിരീടനേട്ടത്തിനു കാരണക്കാരനായി. എന്നാൽ ലോകകപ്പിലെ മികച്ച പ്രകടനവും താരത്തിന്റെ ക്ലബ് കരിയറിനെ രക്ഷിക്കില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡി പോൾ കളിക്കുന്ന ക്ലബായ അത്ലറ്റികോ മാഡ്രിഡ് താരത്തെ വിൽക്കാനായി ഒരുങ്ങുകയാണ്.

സ്‌പാനിഷ്‌ മാധ്യമത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം ലോകകപ്പിലെ മികച്ച പ്രകടനം തന്നെയാണ് അത്ലറ്റികോ മാഡ്രിഡ് ഡി പോളിനെ വിൽക്കാൻ തീരുമാനിക്കാൻ കാരണമായത്. ഇരുപത്തിയെട്ടു വയസുള്ള താരത്തിന് ലോകകപ്പിന് ശേഷം മൂല്യം ഉയർന്നിട്ടുണ്ടാകും. ഇതു കണക്കിലെടുത്ത് താരത്തെ വേറെ ഏതെങ്കിലും ക്ലബ്ബിലേക്ക് വിടാനാണ് അത്ലറ്റികോ മാഡ്രിഡിന്റെ പദ്ധതി. നേരത്തെ യുഡിനസ് താരമായിരുന്ന റോഡ്രിഗോ ഡി പോൾ കഴിഞ്ഞ സീസണിനു മുന്നോടിയായാണ് അത്ലറ്റികോ മാഡ്രിഡിൽ എത്തുന്നത്. എന്നാൽ സ്പെയിനിൽ എത്തിയതിനു ശേഷം തന്റെ പൂർണമായ മികവ് പുറത്തെടുക്കാൻ ഡി പോളിന് കഴിഞ്ഞിട്ടില്ല.

റോഡ്രിഗോ ഡി പോളിനായി നാൽപ്പത്തിയഞ്ച് മില്യൺ യൂറോ ആവശ്യപ്പെടാനാണ് അത്ലറ്റികോ മാഡ്രിഡ് ഒരുങ്ങുന്നത്. ഈ തുക ലഭിച്ച് താരം ക്ലബ് വിട്ടാൽ പകരക്കാരനായി അർജന്റീന താരത്തെ തന്നെ ടീമിൽ എത്തിക്കാനാണ് അത്ലറ്റികോ മാഡ്രിഡ് ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം ലോകകപ്പിൽ തിളങ്ങിയ ഇരുപത്തിമൂന്നു വയസ് മാത്രം പ്രായമുള്ള അർജന്റീനയുടെ ബ്രൈറ്റൻ മധ്യനിര താരമായ അലക്‌സിസ് മാക് അലിസ്റ്ററെയാണ് അത്ലറ്റികോ മാഡ്രിഡ് നോട്ടമിടുന്നത്. ബ്രൈറ്റനു വേണ്ടിയും മികച്ച പ്രകടനം നടത്തിയിരുന്ന താരത്തിനായി നിരവധി ക്ലബുകൾ ഇപ്പോൾ തന്നെ രംഗത്തുണ്ടെന്നത് അത്ലറ്റികോക്ക് ഭീഷണിയാണ്.

മധ്യനിരയിൽ അധ്വാനിച്ചു കളിക്കുന്ന താരാമാണെങ്കിലും സിമിയോണിയുടെ പദ്ധതികളോട് പൂർണമായും യോജിച്ചു പോകാൻ ഡി പോളിന് കഴിഞ്ഞിട്ടില്ല. അതേസമയം അർജന്റീന ടീമിനായി ഏറ്റവും മികച്ച പ്രകടനം തന്നെ താരം നടത്തുന്നുണ്ട്. അതുകൊണ്ടു തന്നെ അത്ലറ്റികോ മാഡ്രിഡ് വിടുന്നത് താരത്തിനും നല്ലതാണ്. എന്നാൽ താരത്തിനായി ഏതെങ്കിലും ക്ലബുകൾ രംഗത്തുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അങ്ങിനെയാണെങ്കിൽ അടുത്ത സമ്മറിലാവും താരത്തെ വിൽക്കാനുള്ള ശ്രമങ്ങൾ സ്‌പാനിഷ്‌ ക്ലബ് നടത്തുക. അതുവരെ താരം ടീമിനൊപ്പം തുടരും.

Atletico Madrid keen to sell Rodrigo de Paul and replace him with Mac Allister