കേരള ബ്ലാസ്റ്റേഴ്‌സ് താരം ക്ലബ് വിടുമെന്നു സ്ഥിരീകരിച്ച് പരിശീലകൻ ഇവാൻ വുകോമനോവിച്ച്

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ ഒരാളായിരുന്നു മധ്യനിരയിലെ യുവതാരമായ പൂട്ടിയ. എന്നാൽ ഐസ്വാൾ സ്വദേശിയായ താരം അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിനൊപ്പം ഉണ്ടാകില്ലെന്നാണ് കഴിഞ്ഞ ദിവസം ടീമിന്റെ പരിശീലകൻ ഇവാൻ വുകോമനോവിച്ച് വ്യക്തമാക്കിയത്. 2023ൽ കരാർ അവസാനിക്കുന്ന താരം ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ നേരത്തെ ഉണ്ടായിരുന്നുവെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസം ഒഡിഷ എഫ്‌സിക്കെതിരെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിനു ശേഷമാണ്.

2020ലാണ് പൂട്ടിയ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിടുന്നത്. അതിനു ശേഷം മധ്യനിരയിലെ പ്രധാനിയായി താരം വളർന്നു. 2021-22 സീസണിൽ ഫൈനൽ വരെയെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനായി മികച്ച പ്രകടനമാണ് താരം നടത്തിയത്. ജീക്സൺ സിംഗിനൊപ്പം മധ്യനിരയിൽ നിറഞ്ഞു നിൽക്കാൻ ഇപ്പോൾ ഇരുപത്തിനാലു വയസു മാത്രം പ്രായമുള്ള താരത്തിന് കഴിഞ്ഞിരുന്നു. പൂട്ടിയ കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ പുതുക്കുമെന്ന റിപ്പോർട്ടുകളാണ് നേരത്തെ വന്നതെങ്കിലും അതുണ്ടാവില്ലെന്നാണ് കഴിഞ്ഞ മത്സരത്തിനു ശേഷം ഇവാൻ വുകോമനോവിച്ച് നടത്തിയ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നത്.

“പ്രൊഫെഷണൽ ഫുട്ബോളിൽ താരങ്ങൾ വരികയും പോവുകയും ചെയ്യും. അതാ പ്രക്രിയയുടെ ഭാഗമാണ്. പൂട്ടിയ കഴിഞ്ഞ സീസണിൽ ഞങ്ങളുടെ ടീമിന്റെ പ്രധാനപ്പെട്ട താരമായിരുന്നു. അതവൻ മനോഹരമായി തന്നെ ചെയ്യുകയും ചെയ്‌തു. ഇപ്പോൾ താരത്തിന് മറ്റുള്ള വഴികൾ തെളിഞ്ഞിട്ടുണ്ടാകും. പൂട്ടിയക്ക് എല്ലാ തരത്തിലും ആശംസകൾ നേരുന്നു. മികച്ച താരമാണ് അവൻ.” കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ താരം എന്തു കൊണ്ട് ഈ സീസണിൽ കളിക്കുന്നില്ലെന്ന ചോദ്യത്തിന് മറുപടിയായി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യൻ സൂപ്പർലീഗിലെ തന്നെ മറ്റൊരു ക്ലബുമായി പൂട്ടിയ കരാറിൽ എത്തുമെന്നാണ് നിലവിൽ അഭ്യൂഹങ്ങളുള്ളത്. ഈ ക്ലബ് ഏതാണെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത ഇല്ലെങ്കിലും കൊൽക്കത്ത ക്ലബായ എടികെ മോഹൻ ബാഗാനായിരിക്കും അതെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ പ്രതിഫലം ലഭിക്കുന്നതു കൊണ്ടായിരിക്കും താരം മറ്റു ക്ലബുകളെ പരിഗണിക്കുന്നത്. ഇതുകൊണ്ടാണ് താരം ക്ലബിനൊപ്പം ഇപ്പോൾ ഇറങ്ങാത്തത്. എന്തായാലും ഫ്രീ ഏജന്റായി പൂട്ടിയ ക്ലബ് വിടുന്നത് കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് തിരിച്ചടി തന്നെയാണ്.

അതേസമയം പൂട്ടിയയുടെ അഭാവത്തിലും ഈ സീസണിൽ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. ആദ്യത്തെ നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും തോൽവി നേരിട്ടെങ്കിലും പിന്നീട് നടന്ന ഏഴു മത്സരങ്ങളിൽ പരാജയം അറിഞ്ഞിട്ടില്ലാത്ത ടീം അതിൽ ആറെണ്ണത്തിലും വിജയം നേടി. നിലവിൽ ലീഗിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന ടീം ഇതേ ഫോം തുടരുകയാണെങ്കിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള സാധ്യതകളും തള്ളിക്കളയാൻ കഴിയില്ല. കഴിഞ്ഞ സീസണിലെതിനു സമാനമായ പ്രകടനമാണ് ഇത്തവണയും ആരാധകർ ടീമിൽ നിന്നും പ്രതീക്ഷിക്കുന്നത്.