ഫ്രാൻസിന്റെ രണ്ടു ഗോളുകളിൽ തകർന്നടിഞ്ഞു പോയ അർജന്റീന താരങ്ങളെ ഉയർത്തെഴുന്നേൽപ്പിച്ചത് മെസിയുടെ വാക്കുകൾ, ഡി പോൾ വെളിപ്പെടുത്തുന്നു | Lionel Messi

ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ലോകകപ്പ് ഫൈനലുകളിൽ ഒന്നായിരുന്നു ഖത്തർ ലോകകപ്പിലേത്. ടൂർണമെന്റിലെ ഏറ്റവും കരുത്തുറ്റ ടീമായ ഫ്രാൻസിനെ നിഷ്പ്രഭമാക്കിയ പ്രകടനം മത്സരത്തിന്റെ എൺപതാം മിനുട്ട് വരെ അർജന്റീന നടത്തിയെങ്കിലും അതിനു ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ച് ഫ്രാൻസ് തിരിച്ചു വന്നു. തുടർന്ന് എക്‌സ്ട്രാ ടൈമിലും രണ്ടു ടീമുകളും ഓരോ ഗോളുകൾ നേടിയതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലാണ് അർജന്റീന ഫ്രാൻസിനെ കീഴടക്കി മുപ്പത്തിയാറു വർഷത്തിനു ശേഷം ലോകകപ്പ് സ്വന്തമാക്കിയതും ലയണൽ മെസിയെന്ന ഐതിഹാസിക താരത്തിന്റെ കരിയറിന് പൂർണത നൽകിയതും.

അർജന്റീനയുടെ വിജയം ആഗ്രഹിച്ച എല്ലാവർക്കും കടുത്ത നിരാശ സമ്മാനിച്ചാണ് മത്സരത്തിന്റെ തൊണ്ണൂറു മിനുട്ട് പൂർത്തിയായത്. ഫ്രാൻസിന്റെ തുടർച്ചയായ ആക്രമണങ്ങൾ ഒരു ഘട്ടത്തിൽ അവർ തന്നെ വിജയം നേടുമെന്ന തോന്നലുണ്ടാക്കിയിരുന്നു. അവസാന സെക്കൻഡിൽ ഒരു ഷോട്ട് എമിലിയാനോ തടുത്തില്ലെങ്കിൽ മത്സരഫലം മറ്റൊന്നായി മാറിയേനെ. എക്‌സ്ട്രാ ടൈമിലേക്ക് മത്സരം നീണ്ട സമയത്ത് ഈ ഭീതി അർജന്റീന താരങ്ങൾക്കും ഉണ്ടായിരുന്നുവെന്നും എന്നാൽ ലയണൽ മെസി താരങ്ങളോട് പറഞ്ഞ വാക്കുകൾ ടീമിന് പ്രചോദനം നൽകിയെന്നുമാണ് അർജന്റീന താരം ഡി പോൾ പറയുന്നത്.

“എക്‌സ്ട്രാ ടൈമിനു മുൻപ് ലയണൽ മെസി ഒരു ഞങ്ങളോട് സംസാരിച്ചിരുന്നു. നിങ്ങൾക്ക് ഫുട്ബോൾ അറിയില്ലേ, അവർ ഗോൾ നേടില്ലെന്നു പ്രതീക്ഷിച്ചാണോ നിങ്ങൾ നിന്നിരുന്നത്. കമോൺ, ചാമ്പ്യന്മാരെന്നാൽ ബുദ്ധിമുട്ടുള്ള സമയങ്ങളിലും സ്വന്തം കാലിൽ തന്നെ നിന്ന് തിരിച്ചുവരവിനായി ഉറച്ചു നിന്നു പൊരുതുന്നവരാണ് എന്നാണു മെസി പറഞ്ഞത്. അത് ഞങ്ങൾക്ക് പുതിയൊരു ഊർജ്ജം നൽകി.” കഴിഞ്ഞ ദിവസം ഡി പോൾ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞു.

എക്‌സ്ട്രാ ടൈമിൽ അർജന്റീനക്ക് തന്നെയാണ് മത്സരത്തിൽ ആധിപത്യം ഉണ്ടായിരുന്നത്. നിരവധി അവസരങ്ങൾ അർജന്റീന സൃഷ്‌ടിച്ചെടുത്തു ലൗടാരോ മാർട്ടിനസിന്റെ ഫിനിഷിങ് കൃത്യമായിരുന്നു എങ്കിൽ മത്സരം നേരത്തെ തന്നെ അർജന്റീനക്ക് സ്വന്തമാക്കാൻ കഴിയുമായിരുന്നു. മൂന്നോളം അവസരങ്ങളാണ് താരം തുലച്ചത്. ഒടുവിൽ ലയണൽ മെസിയുടെ അർജന്റീന വീണ്ടും ലീഡ് നേടിയെങ്കിലും പെനാൽറ്റിയിലൂടെ എംബാപ്പെ ഫ്രാൻസിനെ വീണ്ടും ഒപ്പമെത്തിച്ചതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിൽ എത്തിയത്.

ഷൂട്ടൗട്ടിൽ എമിലിയാനോ മാർട്ടിനസ് ഹീറോയായപ്പോൾ അർജന്റീനക്ക് ഒന്നര വർഷത്തിനിടയിൽ മൂന്നാമത്തെ കിരീടവും സ്വന്തമായി. ഒരുകാലത്ത് ലയണൽ മെസിയുടെ നേതൃഗുണത്തെ പലരും സംശയിച്ചിരുന്നു എങ്കിലും താരം മികച്ചൊരു ലീഡറാണെന്ന് തെളിയിച്ച ലോകകപ്പായിരുന്നു ഇത്. സഹതാരങ്ങളെ വാക്കുകൾ കൊണ്ട് മാത്രമല്ല, കളിക്കളത്തിലെ പ്രകടനം കൊണ്ടും പ്രചോദിപ്പിക്കാൻ ലയണൽ മെസിക്ക് കഴിഞ്ഞു. ടൂർണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോളും മെസിക്കു തന്നെയായിരുന്നു.

rodrigo de paul reveals messi’s words before extra time in world cup final