ഇരുപതു മത്സരങ്ങളിൽ നിന്നും നേടിയത് അമ്പതിലധികം ഗോളുകൾ, ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ ഇനി റയൽ മാഡ്രിഡിൽ കളിക്കും | Cristiano Ronaldo

പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ വിവാദമായ നിരവധി പ്രതികരണങ്ങൾ നടത്തിയതിനെ തുടർന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള കരാർ ക്ലബ് അവസാനിപ്പിച്ചത്. ലോകകപ്പിനു മുൻപു തന്നെ താരത്തിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് നടപടി സ്വീകരിച്ചിരുന്നു. നിലവിൽ ഫ്രീ ഏജന്റായ റൊണാൾഡോയിപ്പോൾ റയൽ മാഡ്രിഡിന്റെ ട്രെയിനിങ് ഗ്രൗണ്ടിലാണ് ഫിറ്റ്നസ് നിലനിർത്താനുള്ള പരിശീലനം നടത്തുന്നത്. ജനുവരിയിൽ പുതിയ ക്ലബ്ബിലേക്ക് ചേക്കേറാനുള്ള നീക്കങ്ങളും താരം നടത്തുന്നു.

റൊണാൾഡൊ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ചിരുന്ന സമയത്ത് താരത്തിന്റെ മൂത്ത മകനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അക്കാദമിയിലാണ് കളിച്ചിരുന്നത്. റൊണാൾഡോ ക്ലബ് വിട്ടതോടെ കഴിഞ്ഞ ദിവസം ജൂനിയർ റൊണാൾഡോയും മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുകയുണ്ടായി. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും റയൽ മാഡ്രിഡിന്റെ അക്കാദമിയിലേക്കാണ് റൊണാൾഡോ ജൂനിയർ എത്തിയിരിക്കുന്നത്. റയൽ മാഡ്രിഡിന്റെ മുൻ താരവും റൊണാൾഡോയുടെ അടുത്ത സുഹൃത്തുമായ എൻസോക്കൊപ്പം ഇനി ജൂനിയർ റയൽ മാഡ്രിഡിൽ കളിക്കും.

പന്ത്രണ്ട് വയസുള്ള റൊണാൾഡോ ജൂനിയർ തന്റെ അച്ഛൻ കളിച്ചിരുന്ന ക്ലബുകളുടെ അക്കാദമിയിൽ തന്നെയാണ് ഇതുവരെ കളിച്ചിരുന്നത്. റയൽ മാഡ്രിഡ്, യുവന്റസ്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ടീമുകളുടെ അക്കാദമിയിൽ ജൂനിയർ കളിച്ചു. ജൂനിയർ റയൽ മാഡ്രിഡിൽ ചേർന്നതിനാൽ റൊണാൾഡോയും റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് കരുതാൻ കഴിയില്ല. റൊണാൾഡോ ഏത് ക്ലബ്ബിലേക്ക് ചേക്കേറിയായാലും റയൽ മാഡ്രിഡിന്റെ അക്കാദമിയിൽ തന്നെയായിരിക്കും ജൂനിയർ കളിക്കുക. ഇരുപതു മത്സരങ്ങളിൽ നിന്നും അമ്പത് ഗോളുകൾ ജൂനിയർ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കളിക്കളത്തിലെ പ്രകടനം കൊണ്ട് നേരത്തെ തന്നെ റൊണാൾഡോ ജൂനിയർ നേരത്തെ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഭാവിയിൽ താരവും റൊണാൾഡോയെപ്പോലെ മികച്ചു നിൽക്കുമെന്നാണ് ഏവരും കരുതുന്നത്. കരിയറിൽ സാധ്യമായ ഒട്ടുമിക്ക നേട്ടങ്ങളും അഞ്ചു ചാമ്പ്യൻസ് ലീഗും അഞ്ചു ബാലൺ ഡി ഓറും നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും ലോകകപ്പ് നേടാനായിട്ടില്ല. തന്റെ മകനിലൂടെ ആ സ്വപ്‌നം സഫലമാക്കാനുള്ള ശ്രമം താരം നടത്താനുള്ള സാധ്യതയുണ്ട്.

cristiano ronaldo jr joins real madrid academy