“വമ്പൻ താരങ്ങളുണ്ടെങ്കിലും ബ്രസീൽ പോർചുഗലിനേക്കാൾ മികച്ച ടീമല്ല”- അത്ലറ്റികോ മാഡ്രിഡ് താരം ഫെലിക്‌സ്

ലോകഫുട്ബോളിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ ബ്രസീലിന് ഓരോ ലോകകപ്പ് അടുത്തു വരുമ്പോഴും കിരീടം നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടാറുണ്ട്. ഖത്തർ ലോകകപ്പിന് ഇനി അറുപതു ദിവസത്തിലധികം മാത്രം ബാക്കി നിൽക്കെ കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിൽ ഒന്നായി പരിഗണിക്കപ്പെടുന്നതും ബ്രസീൽ തന്നെയാണ്. എന്നാൽ ബ്രസീലിനെ പോർചുഗലിനേക്കാൾ മികച്ച ടീമായി കരുതാൻ കഴിയില്ലെന്നാണ് അത്ലറ്റികോ മാഡ്രിഡ് താരമായ ജോവോ ഫെലിക്‌സ് പറയുന്നത്.

ഖത്തർ ലോകകപ്പിലേക്ക് വളരെ പ്രതീക്ഷയോടെയാണ് ഓരോ ടീമും എത്തുന്നത്. മുമ്പത്തേതിൽ നിന്നും വ്യത്യസ്‌തമായി ഇത്തവണ ഏതെങ്കിലുമൊരു ടീമിന് മറ്റുള്ളവരെക്കാൾ കൂടുതൽ ആധിപത്യമുണ്ടെന്ന് കരുതാനാവില്ല. കിരീടം നേടാൻ സാധ്യതയുള്ള ടീമുകളുടെ കണക്കിലെടുത്താൽ അതിൽ നിരവധി ടീമുകൾ ഉൾപ്പെടും. അതു കണക്കിലെടുത്തു തന്നെയാണ് തങ്ങളേക്കാൾ മികച്ച ടീമായി ബ്രസീലിനെ കരുതാൻ കഴില്ലെന്ന് ജോവോ ഫെലിക്‌സ് പറഞ്ഞതും.

“ബ്രസീലിൽ മഹത്തായ താരങ്ങളുണ്ടെന്നതിൽ സംശയമില്ല. പക്ഷെ അവർ പോർച്ചുഗീസ് ദേശീയ ടീമിനെക്കാൾ മികച്ചതാണെന്ന് കരുതാൻ കഴിയില്ല.” ലോകകപ്പിൽ ബ്രസീലും പോർച്ചുഗലും തമ്മിലുള്ള മത്സരത്തിനുള്ള സാധ്യതയെ കുറിച്ച് സംസാരിക്കുമ്പോൾ ഫെലിക്‌സ് പറഞ്ഞു. ലാറ്റിനമേരിക്കയിലെയും യൂറോപ്പിലെയും വൻ ശക്തികളായ രണ്ടു ടീമുകൾ തമ്മിലുള്ള പോരാട്ടം ലോകകപ്പിൽ ഉണ്ടാകുമെന്ന പ്രതീക്ഷയും താരം പ്രകടിപ്പിച്ചു.

എഡേഴ്‌സൺ, അലിസൺ, മാർക്വിന്യോസ്, മിലിറ്റാവോ, കസമീറോ, ഫാബിന്യോ, പക്വറ്റ, നെയ്‌മർ, വിനീഷ്യസ്, റോഡ്രിഗോ, ഫിർമിനോ, ആന്റണി, റാഫിന്യ തുടങ്ങിയ താരങ്ങളാണ് ബ്രസീലിന്റെ കരുത്ത്. അതേസമയം അവർക്കൊപ്പം നിൽക്കാൻ പോന്ന പെപ്പെ, റൂബൻ ഡയസ്, കാൻസലോ, ഗുറെറോ, ബ്രൂണോ ഫെർണാണ്ടസ്, ബെർണാർഡോ സിൽവ, ക്രിസ്റ്റ്യാനോ റൊണാൾഡോ, റാഫേൽ ലിയോ, ജോവോ ഫെലിക്‌സ് തുടങ്ങിയ മികച്ച താരങ്ങൾ പോർച്ചുഗൽ ടീമിലുമുണ്ട്.

ലോകകപ്പ് ഗ്രൂപ്പിൽ സെർബിയ, സ്വിറ്റ്‌സർലൻഡ്, കാമറൂൺ എന്നീ ടീമുകളുടെ ഒപ്പം ഗ്രൂപ്പ് ജിയിലാണ് ബ്രസീലുള്ളത്. നവംബർ 24നു രാത്രി 12.30നു സെർബിയക്കെതിരെ ബ്രസീൽ അവരുടെ ആദ്യത്തെ ലോകകപ്പ് മത്സരം കളിക്കും. അതേസമയം ഘാന, യുറുഗ്വായ്, സൗത്ത് കൊറിയ തുടങ്ങിയ ടീമുകൾക്കൊപ്പം പോർച്ചുഗലുമുള്ള ഗ്രൂപ്പ് എച്ച് ലോകകപ്പിലെ മരണഗ്രൂപ്പായാണ് കരുതപ്പെടുന്നത്.