റയൽ മാഡ്രിഡിനെ നിലം തൊടാതെ പറപ്പിച്ചു, സ്‌പാനിഷ്‌ സൂപ്പർകപ്പ് കിരീടം ബാഴ്‌സലോണക്ക്

സൗദി അറേബ്യയിൽ വെച്ച് നടന്ന സ്‌പാനിഷ്‌ സൂപ്പർകപ്പ് ഫൈനൽ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ നിഷ്പ്രഭമാക്കി ബാഴ്‌സലോണയ്ക്ക് വിജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബാഴ്‌സലോണ വിജയം സ്വന്തമാക്കി കിരീടവും നേടിയത്. കഴിഞ്ഞ സീസണിലെ സ്‌പാനിഷ്‌ സൂപ്പർകപ്പിൽ റയൽ മാഡ്രിഡിനോട് പൊരുതി കീഴടങ്ങിയതിന്റെ നിരാശ മറക്കാൻ ഈ വിജയം കൊണ്ട് ബാഴ്‌സലോണക്കായി. ഒരു ഗോളും രണ്ട് അസിസ്റ്റുമായി ഗാവി തിളങ്ങിയ മത്സരത്തിൽ റോബർട്ട് ലെവൻഡോസ്‌കി ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി. മധ്യനിര താരമായ പെഡ്രിയാണ് ബാഴ്‌സലോണയുടെ മറ്റൊരു ഗോൾ നേടിയത്.

കടുത്ത പ്രെസിങ്ങുമായി ബാഴ്‌സലോണ നിറഞ്ഞു കളിച്ച മത്സരത്തിന്റെ തുടക്കം മുതൽ തന്നെ അവർക്ക് ആധിപത്യം ഉണ്ടായിരുന്നു. റോബർട്ട് ലെവൻഡോസ്‌കിയുടെ ഷോട്ട് ക്വാർട്ടുവയുടെ കയ്യിലും പോസ്റ്റിലും തട്ടി തിരിച്ചു വന്നതിൽ നിന്നും ഗോൾ നേടാൻ ബാൾഡെക്കും അവസരമുണ്ടായിരുന്നെങ്കിലും താരത്തിന്റെ ഷോട്ട് പുറത്തു പോയി. അതിനു പിന്നാലെ റയൽ മാഡ്രിഡ് നടത്തിയ മുന്നേറ്റത്തിനൊടുവിൽ പിറന്ന ക്രോസിൽ നിന്നും ബെൻസിമക്ക് ഒരു ഓപ്പൺ ഹെഡറിനുള്ള അവസരമുണ്ടായി എങ്കിലും താരത്തിന്റെ ഷോട്ടും പുറത്തു പോയി. ആദ്യപകുതിയിൽ റയൽ മാഡ്രിഡിന് ലഭിച്ച ഏറ്റവും മികച്ച അവസരമായിരുന്നു അത്.

മുപ്പത്തിമൂന്നാം മിനുട്ടിൽ ബാഴ്‌സലോണ മുന്നിലെത്തി. റയൽ മാഡ്രിഡ് പൊസഷൻ ചെയ്‌തു നിൽക്കുന്ന സമയത്ത് പന്ത് തട്ടിയെടുത്തതിന് ശേഷം ലെവൻഡോസ്‌കിക്ക് നൽകി. പോളണ്ട് താരം അത് ഫ്രീയായി നിന്നിരുന്ന ഗാവിക്ക് നൽകിയപ്പോൾ താരം ഒരു പിഴവും കൂടാതെ വലകുലുക്കി. ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടു മുൻപ് ബാഴ്‌സലോണയുടെ രണ്ടാമത്തെ ഗോളും പിറന്നു. നല്ലൊരു ത്രൂപാസ് ഇടതുവിങ്ങിലൂടെ നടത്തിയ റണ്ണിന് ശേഷം പിടിച്ചെടുത്ത ഗാവി നൽകിയ ക്രോസിൽ ഒന്ന് കാലു വെക്കേണ്ട ആവശ്യം മാത്രമേ ലെവൻഡോസ്‌കിക്ക് ഉണ്ടായിരുന്നുള്ളൂ. താരത്തിന്റെ ആദ്യത്തെ എൽ ക്ലാസിക്കോ ഗോളായിരുന്നു അത്.

രണ്ടാം പകുതിയിലും ബാഴ്‌സലോണയുടെ മുന്നേറ്റങ്ങൾ തന്നെയായിരുന്നു കണ്ടത്. ഡെംബലെക്ക് അറുപതാം മിനുട്ടിനു മുൻപ് തന്നെ മൂന്നോളം മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും കൃത്യമായി മുതലാക്കാൻ കഴിഞ്ഞില്ല. എഴുപതാം മിനുട്ടിൽ ബാഴ്‌സലോണ മൂന്നാമത്തെ ഗോൾ നേടി. റയൽ മാഡ്രിഡിൽ നിന്നും പന്ത് കൈക്കലാക്കി നടത്തിയ ഒരു പ്രത്യാക്രമണത്തിനു ശേഷം ഗാവി നൽകിയ ക്രോസിൽ നിന്നും പെഡ്രിയാണ് ബാഴ്‌സയുടെ ഗോൾ നേടിയത്. മത്സരത്തിൽ ബാഴ്‌സലോണ മധ്യനിരയിൽ തകർപ്പൻ പ്രകടനം നടത്തിയ താരം അർഹിക്കുന്ന ഗോൾ തന്നെയായിരുന്നു അത്.

മൂന്നു ഗോളുകൾ വഴങ്ങിയതോടെ തിരിച്ചു വരാമെന്നുള്ള റയൽ മാഡ്രിഡിന്റെ പ്രതീക്ഷ പൂർണമായും അവസാനിച്ചിരുന്നു. എൺപതാം മിനുട്ടിനു ശേഷം റോഡ്രിഗോ ഉതിർത്ത ഷോട്ട് ഗോളാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ടെർ സ്റ്റീഗൻ മികച്ചൊരു ഡൈവിങ്ങിലൂടെ ടീമിന്റെ രക്ഷകനായി മാറി. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ ബെൻസിമ ഒരു ഗോൾ മടക്കിയത് മാത്രമായിരുന്നു റയൽ മാഡ്രിഡിന് ആശ്വസിക്കാനുള്ള വക. അതിനു പിന്നാലെ ഫൈനൽ വിസിൽ മുഴങ്ങുകയും ചെയ്‌തു. സാവി പരിശീലകനായതിനു ശേഷമുള്ള ബാഴ്‌സയയുടെ ആദ്യത്തെ കിരീടമാണ് സ്‌പാനിഷ്‌ സൂപ്പർകപ്പ്.