ഇതാണ് എൽ ക്ലാസിക്കോയുടെ ആവേശം, പ്രീ സീസൺ മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ക്വാർട്ടുവ ചെയ്‌തത്‌

ലോകഫുട്ബോളിൽ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടങ്ങളിൽ ഒന്നാണ് റയൽ മാഡ്രിഡും ബാഴ്‌സലോണയും തമ്മിൽ നടക്കുന്ന എൽ ക്ലാസിക്കോ പോരാട്ടം. ലയണൽ മെസിയും റൊണാൾഡോയും പോയതോടെ അതിന്റെ നിറം ഒന്ന് മങ്ങിയിട്ടുണ്ടെങ്കിലും ആവേശം ഒട്ടും കെട്ടടങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന പ്രീ സീസൺ മത്സരം അത് തെളിയിക്കുന്നതായിരുന്നു.

മത്സരത്തിൽ ബാഴ്‌സലോണ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചിരുന്നു. പൗ വിക്റ്റർ ബാഴ്‌സലോണയുടെ രണ്ടു ഗോളുകളും നേടിയപ്പോൾ അർജന്റീന താരം നിക്കോ പാസാണ് റയൽ മാഡ്രിഡിന്റെ ഗോൾ നേടിയത്. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ സമനില ഗോളിന് വേണ്ടി റയൽ മാഡ്രിഡ് നടത്തിയ ശ്രമമാണ് എൽ ക്ലാസിക്കോയുടെ ആവേശം കാണിച്ചു തന്നത്.

എൺപത്തിരണ്ടാം മിനുട്ടിലാണ് റയൽ മാഡ്രിഡ് ഒരു ഗോൾ മടക്കുന്നത്. അതിനു ശേഷം മത്സരം സമനിലയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ റയൽ തീവ്രമായി നടത്തി. അവസാന മിനുറ്റുകളിൽ ഒരു കോർണർ ലഭിച്ചപ്പോൾ അതിൽ ഗോൾശ്രമം നടത്താൻ ഗോൾകീപ്പർ ക്വാർട്ടുവയും എത്തിയിരുന്നു. ഒട്ടും പ്രധാനമല്ലാത്ത ഒരു മത്സരമായിരുന്നിട്ടു കൂടി അതിലുള്ള ആവേശം ഇതിൽ നിന്നും വ്യക്തമാണ്.

ബാഴ്‌സലോണയോട് തോൽക്കുന്നത് റയൽ മാഡ്രിഡ് ഒരിക്കലും ഇഷ്‌ടപെടാത്ത കാര്യമാണെന്നാണ് മത്സരത്തിന് ശേഷം ക്വാർട്ടുവ പറഞ്ഞത്. എന്നാൽ സീസണിലെ മത്സരങ്ങളാണ് പ്രധാനപ്പെട്ടതെന്നും താരം പറഞ്ഞു. കഴിഞ്ഞ സീസണിൽ കാർവാഹാൾ പറഞ്ഞത് പോലെ പ്രധാനപ്പെട്ട മത്സരങ്ങൾ വരുമ്പോൾ തങ്ങൾ കരുത്ത് കാണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മത്സരത്തിലെ വിജയം ബാഴ്‌സലോണയ്ക്ക് സീസണിൽ ആത്മവിശ്വാസം നൽകും. ഈ സീസണിൽ വമ്പൻ താരനിരയുമായാണ് റയൽ മാഡ്രിഡ് എത്തുന്നത്. അതേസമയം ബാഴ്‌സലോണയ്ക്ക് ലക്‌ഷ്യം വെച്ച ട്രാൻസ്‌ഫറുകൾ ഇപ്പോഴും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ സീസണിൽ റയൽ മാഡ്രിഡിന് തന്നെയാണു മേധാവിത്വം പ്രതീക്ഷിക്കുന്നത്.