യൂറോപ്യൻ ഫുട്ബോളിലേക്ക് മറ്റൊരു അർജന്റീനിയൻ വിസ്മയം കൂടി, എൻസോക്ക് പകരക്കാരനാവാൻ അൽകാരസ് | Argentina
ബെൻഫിക്കക്കു വേണ്ടി ഈ സീസണിൽ മികച്ച പ്രകടനം നടത്തുമ്പോഴും ലോകകപ്പ് ടീമിൽ ആദ്യത്തെ രണ്ടു മത്സരങ്ങളിലും ആദ്യ ഇലവനിൽ എൻസോ ഫെർണാണ്ടസ് ഉണ്ടായിരുന്നില്ല. എന്നാൽ രണ്ടു മത്സരങ്ങളിലും പകരക്കാരനായിറങ്ങിയ താരം മെക്സിക്കോക്കെതിരെ ഗോൾ നേടിയതോടെ അടുത്ത മത്സരത്തിൽ ആദ്യ ഇലവനിൽ വന്നു. അതിനു ശേഷം ഫൈനൽ വരെ അർജന്റീന ടീമിന്റെ ആദ്യ ഇലവനിൽ സ്ഥിരമായി കളിച്ച താരം ലോകകപ്പ് കിരീടത്തിൽ ഇരുപത്തിയൊന്നാം വയസിൽ മുത്തമിടുകയും ചെയ്തു.
ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ എൻസോ ഫെർണാണ്ടസിന്റെ പ്രകടനം യൂറോപ്പിലെ പ്രധാന ക്ലബുകളെല്ലാം ശ്രദ്ധിച്ചിരുന്നു. ലോകകപ്പ് കഴിഞ്ഞതോടെ താരത്തിനായി നിരവധി ക്ലബുകൾ രംഗത്തു വരികയും ചെയ്തു. റയൽ മാഡ്രിഡ്, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, പിഎസ്ജി എന്നീ ക്ലബുകളെല്ലാം അതിലുൾപ്പെടുന്നു. ഏതു ക്ലബിലേക്കാണ് എൻസോ ചേക്കേറുകയെന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ലെങ്കിലും താരം പ്രീമിയർ ലീഗിലേക്ക് ചേക്കേറാനാണ് കൂടുതൽ സാധ്യതയെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എൻസോ ജനുവരിയിൽ ക്ലബ് വിടുന്ന സാഹചര്യത്തിൽ അർജന്റീന താരത്തെ തന്നെ പകരം എത്തിക്കാനാണ് ബെൻഫിക്ക ഒരുങ്ങുന്നത്. ഇറ്റാലിയൻ ജേർണലിസ്റ്റായ ജിയാൻലൂക്ക ഡി മാർസിയോ വെളിപ്പെടുത്തുന്നത് പ്രകാരം അർജന്റീനിയൻ ലീഗിൽ റേസിംഗ് ക്ലബിന്റെ മധ്യനിര താരമായ കാർലോസ് അൽകാരസിനെയാണ് എൻസോക്ക് പകരക്കാരനായി ബെൻഫിക്ക നോട്ടമിടുന്നത്. ഇരുപതുകാരനായ താരത്തെ പതിനേഴു മില്യൺ യൂറോ നൽകി സ്വന്തമാക്കാൻ കഴിയുമെന്നാണ് ബെൻഫിക്ക പ്രതീക്ഷിക്കുന്നത്.
Carlos Alcaraz of Racing being linked with Benfica. https://t.co/PsSX6pQ5ZT pic.twitter.com/QdiZWgIY7r
— Roy Nemer (@RoyNemer) January 3, 2023
ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റിവർപ്ളേറ്റിൽ നിന്നാണ് എൻസോ ഫെർണാണ്ടസ് ബെൻഫിക്കയിൽ എത്തുന്നത്. ബെൻഫിക്കയിൽ അവസരങ്ങൾ ലഭിച്ചപ്പോൾ ചാമ്പ്യൻസ് ലീഗിലടക്കം മികച്ച പ്രകടനം നടത്തിയ താരം ലോകകപ്പിലും തിളങ്ങിയതോടെ ചിലവാക്കിയ തുകയുടെ ആറിരട്ടിയോളം എൻസോക്ക് ഇപ്പോൾ ലഭിക്കും. 120 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് നൽകാമെന്നാണ് താരത്തിനായി രംഗത്തുള്ള ക്ലബുകൾ അറിയിക്കുന്നത്. എൻസോക്ക് പകരക്കാരനായി എത്തുന്ന കാർലോസ് അൽകാരസിനേയും ബെൻഫിക്ക മികച്ച രീതിയിൽ തേച്ചു മിനുക്കി എടുക്കുമെന്നാണ് അർജന്റീന ആരാധകർ പ്രതീക്ഷിക്കുന്നത്.