പൂട്ടിയക്ക് പകരക്കാരനെ തയ്യാറാക്കി കഴിഞ്ഞു, കലിയുഷ്‌നി ക്ലബ് വിടുമോയെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറയുന്നു | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിൽ ജംഷഡ്പൂരാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. ഈ സീസണിൽ മോശം ഫോമിൽ കളിക്കുന്ന, പോയിന്റ് നിലയിൽ പത്താം സ്ഥാനത്ത് നിൽക്കുന്ന ജംഷഡ്‌പൂരിനെതിരെ കൊച്ചിയിൽ നടക്കുന്ന മത്സരം ബ്ലാസ്റ്റേഴ്‌സിന് വലിയ വെല്ലുവിളി ഉയർത്തില്ലെന്നാണ് കരുതുന്നത്. മത്സരത്തിൽ വിജയം നേടിയാൽ എടികെ മോഹൻ ബഗാനെ മറികടന്ന് ലീഗിൽ വീണ്ടും മൂന്നാം സ്ഥാനത്തേക്ക് മുന്നേറാൻ കേരള ബ്ലാസ്റ്റേഴ്‌സിന് കഴിയും. അതിനു പുറമെ ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന മുംബൈ സിറ്റി എഫ്‌സിയുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചാക്കി കുറക്കാനും കേരള ബ്ലാസ്റ്റേഴ്‌സിന് കഴിയും.

ഇന്നത്തെ മത്സരത്തിനു മുൻപുള്ള പത്രസമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട മധ്യനിര താരമായ പൂട്ടിയക്ക് പകരക്കാരനെ തയ്യാറാക്കുന്നതിനെ കുറിച്ചും ലോണിൽ കളിക്കുന്ന യുക്രൈൻ താരം ഇവാൻ കലിയുഷ്‌നിയെ ടീമിൽ നിലനിർത്തുന്നതിനെ കുറിച്ചും പരിശീലകൻ വുകോമനോവിച്ച് സംസാരിക്കുകയുണ്ടായി. പൂട്ടിയക്ക് പകരക്കാരനെ കണ്ടെത്താനുള്ള നീക്കങ്ങൾ നേരത്തെ തന്നെ ക്ലബ് ആരംഭിച്ചിരുന്നു എന്നു പറഞ്ഞ വുകോമനോവിച്ച് ഇവാൻ കലിയുഷ്‌നിക്ക് ക്ലബിനൊപ്പം തുടരണം എന്നാണെങ്കിൽ അതിനുള്ള നീക്കങ്ങൾ നടത്തുമെന്നും വ്യക്തമാക്കി.

“പൂട്ടിയക്ക് പകരക്കാരാവാൻ കഴിയുന്ന മികച്ച താരങ്ങൾ സ്‌ക്വാഡിലുണ്ട്. ഒരു ക്ലബെന്ന നിലയിൽ ഞങ്ങളിതു മുൻകൂട്ടി കണ്ടിരുന്നു, അതിനായുള്ള തയ്യാറെടുപ്പുകളും നേരത്തെ തന്നെ നടത്തിയിരുന്നു. ആ നീക്കം സംഭവിക്കുന്നതിനു മുൻപു തന്നെ ഞങ്ങൾ അടുത്ത ചുവടുവെപ്പുകൾ നടത്തി. ഔദ്യോഗികമായി വരുന്നതിനു മുൻപു തന്നെ ഞങ്ങൾ ആ സാഹചര്യം നേരിടാൻ തയ്യാറായിരുന്നു.” അദ്ദേഹം പറഞ്ഞു. യുക്രൈൻ ക്ലബിൽ നിന്നും ലോണിൽ കളിക്കുന്ന കലിയുഷ്‌നി ടീമിൽ തുടരുമോ എന്നതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു.

“കലിയുഷ്‌നി ഇവിടെ എത്തുന്നതിലേക്ക് നയിച്ച നിരവധി കാര്യങ്ങൾ ഉണ്ടായിരുന്നു. താരത്തിന്റെ രാജ്യത്തു സംഭവിച്ച ബുദ്ധിമുട്ടേറിയ കാര്യങ്ങൾ ഞങ്ങൾ ശ്രദ്ധിച്ചു പോരുന്നുണ്ട്. എങ്കിൽ തന്നെയും കരാറുള്ള താരത്തെ നിലനിർത്തുന്നത് ചിലവുള്ള കാര്യമാണ്. അതിലുപരിയായി ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരാൻ കലിയുഷ്‌നി താൽപര്യം പ്രകടിപ്പിച്ചാൽ ഞങ്ങളത് തീർച്ചയായും പരിഗണിക്കും.” വുകോമനോവിച്ച് പറഞ്ഞു.