അർജന്റീന താരം എൻസോക്കായി വന്ന വമ്പൻ ഓഫർ ബെൻഫിക്ക നിരസിച്ചു
ഖത്തർ ലോകകപ്പിൽ തിളങ്ങിയ താരങ്ങൾക്കായി ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ വടംവലി തുടങ്ങി കഴിഞ്ഞു. നിരവധി താരങ്ങളെയാണ് യൂറോപ്പിലെ വിവിധ ക്ലബുകൾ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിൽ പ്രമുഖനാണ് അർജന്റീനക്കായി തിളങ്ങിയ മധ്യനിര താരമായ എൻസോ ഫെർണാണ്ടസ്. വെറും ഇരുപത്തിയൊന്ന് വയസ് മാത്രമുള്ള താരത്തിന് ടൂർണമെന്റിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.
ടൂർണമെന്റ് ആരംഭിക്കുമ്പോൾ അർജന്റീനയുടെ ആദ്യ ഇലവനിൽ എൻസോ ഫെർണാണ്ടസ് ഉണ്ടായിരുന്നില്ല. എന്നാൽ രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ലിയാൻഡ്രോ പരഡെസിനെ ബെഞ്ചിലിരുത്തി ടീമിലെ പ്രധാനിയായി മാറാൻ എൻസോക്ക് കഴിഞ്ഞു. ബെൻഫിക്കക്കു വേണ്ടി ഈ സീസണിൽ മികച്ച പ്രകടനം നടത്തിയ താരമാണെങ്കിലും ലോകകപ്പ് വേദിയിലെ മിന്നുന്ന പ്രകടനം എൻസോക്ക് ആവശ്യക്കാർ വർധിക്കാൻ കാരണമായി.
NEW: Benfica have reportedly rejected a €100M offer for Enzo Fernandez. More here.https://t.co/urPPHSZPpY
— DaveOCKOP (@DaveOCKOP) December 22, 2022
പോർച്ചുഗീസ് മാധ്യമമായ റെക്കോർഡിന്റെ റിപ്പോർട്ടുകൾ പ്രകാരം എൻസോക്കായി ലഭിച്ച വമ്പൻ ഓഫർ താരത്തിന്റെ ക്ലബായ ബെൻഫിക്ക നിരസിച്ചിട്ടുണ്ട്. നൂറു മില്യൺ യൂറോയാണ് താരത്തിനായി വന്ന ഓഫറെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഏതു ക്ലബാണ് ഈ ഓഫർ നൽകിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. താരത്തിന്റെ റിലീസിംഗ് ക്ലോസായ 120 മില്യൺ യൂറോ ലഭിക്കണമെന്ന നിലപാടാണ് ബെൻഫിക്കക്കുള്ളത്.
റിപ്പോർട്ടുകൾ പ്രകാരം ലിവർപൂളാണ് എൻസോക്കായി തീവ്രമായി ശ്രമം നടത്തുന്നത്. ഇതിനു പുറമെ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, റയൽ മാഡ്രിഡ്, പിഎസ്ജി എന്നീ ക്ലബുകളെല്ലാം താരത്തിൽ താൽപര്യമുണ്ട്. താരത്തെ നിലനിർത്തുക ബെൻഫിക്കയെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. ജനുവരിയിൽ തന്നെ യൂറോപ്പിലെ ഏതെങ്കിലും വമ്പൻ ക്ലബിന്റെ ഭാഗമായി എൻസോ മാറിയേക്കും.
(🌕) Exactly 6 months ago, Enzo Fernández was available in the market for €18M and many teams were watching him, but no one decided to trigger his release clause except Benfica. @FabrizioRomano 🇦🇷 pic.twitter.com/NKktHTSjp5
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 19, 2022
ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് ബെൻഫിക്ക അർജന്റീനിയൻ ക്ലബായ റിവർപ്ലേറ്റിൽ നിന്നും എൻസോ ഫെര്ണാണ്ടസിനെ സ്വന്തമാക്കിയത്. പതിനെട്ടു മില്യൺ യൂറോയായിരുന്നു ട്രാൻസ്ഫർ തുക. ആറു മാസം കഴിഞ്ഞപ്പോഴേക്കും അതിന്റെ ആറിരട്ടി തുകയാണ് താരം വഴി ബെൻഫിക്കക്ക് ലഭിക്കാൻ പോകുന്നത്.