റഫറി ബെംഗളൂരുവിന് എട്ടിന്റെ പണികൊടുത്തു, ബ്ലാസ്റ്റേഴ്‌സിനോട് ചെയ്‌ത ചതിയുടെ ശാപം വിടാതെ പിന്തുരുന്നു | Bengaluru FC

കർമ ഒരു ബൂമറാങ് പോലെയാണെന്നു പറയുന്നത് യാഥാർഥ്യമാണെന്ന് ബെംഗളൂരു ആരാധകർക്കും ടീമിനും ഈ സീസണിൽ മനസിലായിട്ടുണ്ടാകും. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ പുറത്തു പോകാൻ കാരണമായ ഗോൾ ചതിയിലൂടെ നേടിയ അവർക്ക് ഈ സീസണിൽ തിരിച്ചടികൾ തുടരുകയാണ്. ബ്ലാസ്റ്റേഴ്‌സിനോട് തോൽവി വഴങ്ങി ഈ സീസൺ ആരംഭിച്ച അവർ ഇതുവരെ കളിച്ച പത്ത് മത്സരങ്ങളിൽ വിജയം നേടിയിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ റഫറിയുടെ തെറ്റായ തീരുമാനത്തിന്റെ പുറത്ത് വിജയം സ്വന്തമാക്കിയ അവർക്ക് കഴിഞ്ഞ മത്സരത്തിൽ റഫറി നൽകിയത് എട്ടിന്റെ പണിയാണ്. ചെന്നൈയിൻ എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബെംഗളൂരു തോൽവി വഴങ്ങിയത്. ഈ രണ്ടു ഗോളുകളും റഫറി നൽകിയ പെനാൽറ്റിയിൽ നിന്നും പിറന്നതായിരുന്നു. മത്സരത്തിനു ശേഷം റഫറിക്കെതിരെ രൂക്ഷമായ വിമർശനമാണ് ബെംഗളൂരു നേതൃത്വം നടത്തുന്നത്.

മത്സരത്തിന് പിന്നാലെ ടീമിന്റെ താൽക്കാലിക പരിശീലകനായ റെനഡി സിങാണ് റഫറിയെ രൂക്ഷമായി വിമർശിച്ചു രംഗത്തു വന്നത്. മത്സരത്തിൽ റഫറി രണ്ടു പകുതികളിലായി രണ്ടു പെനാൽറ്റികൾ നൽകിയെന്നും അതിൽ ആദ്യത്തെ പെനാൽറ്റി നൽകിയത് തെറ്റായ തീരുമാനമാണെന്നും അദ്ദേഹം പറയുന്നു. അതിനു പുറമെ തങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന ഒരു പെനാൽറ്റി നൽകിയില്ലെന്നും അത് ലഭിച്ചിരുന്നെങ്കിൽ മത്സരത്തിന്റെ മുഴുവൻ ഗതിയും മാറുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മത്സരത്തിന് ശേഷം ബെംഗളൂരു എഫ്‌സി ഉടമയായ പാർത്ത് ജിൻഡാലും റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്‌ത്‌ രംഗത്തു വന്നിരുന്നു. മത്സരത്തിൽ ബെംഗളൂരുവിനു പെനാൽറ്റി നൽകാതിരുന്ന റഫറിയുടെ തീരുമാനം എങ്ങിനെയാണ് ശരിയാകുന്നതെന്നും, ആ തീരുമാനം ഒരു തമാശയായി തോന്നുന്നുവെന്നുമാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. എന്തായാലും റഫറിയിൽ നിന്നും വളരെ വലിയ തിരിച്ചടിയാണ് ബെംഗളൂരു നേരിട്ടതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

അതേസമയം ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇതിൽ സന്തോഷിക്കുകയാണ്. കഴിഞ്ഞ സീസണിൽ റഫറിയെടുത്ത തെറ്റായ തീരുമാനത്തിൽ കിരീടപ്രതീക്ഷകൾ തന്നെ പൂർണമായും ഇല്ലാതായപ്പോൾ അതിനെ നോക്കി പരിഹസിച്ചവരാണ് ബെംഗളൂരു ആരാധകർ. ഈ സീസണിൽ അവർക്ക് തിരിച്ചടികൾ പല വിധത്തിലാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മോശം ഫോമിനെത്തുടർന്ന് പരിശീലകനെ പുറത്താക്കിയ അവർ പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്താണ് നിൽക്കുന്നത്.

Bengaluru FC Slams Referees After Loss Against Chennaiyin FC