അഡ്രിയാൻ ലൂണ ഇന്ത്യ വിടാനൊരുങ്ങുന്നു, സീസൺ പൂർത്തിയാക്കാതെ യുറുഗ്വായിലേക്ക് മടങ്ങും | Adrian Luna

സീസൺ പുരോഗമിച്ചു കൊണ്ടിരിക്കുകയും ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് കിരീടം നേടാനുള്ള സാധ്യതയുണ്ടെന്ന് ആരാധകർ പ്രതീക്ഷിച്ചു തുടങ്ങുകയും ചെയ്യുന്ന സമയത്താണ് മറ്റൊരു ദൗർഭാഗ്യം ടീമിനെ തേടിയെത്തിയത്. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ എഞ്ചിനും നായകനുമായ അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തായെന്നും, പരിക്ക് ഗുരുതരമായതിനാൽ താരത്തിന് സീസൺ തന്നെ നഷ്‌ടമാകുമെന്നും കഴിഞ്ഞ ദിവസമാണ് റിപ്പോർട്ടുകൾ വന്നു തുടങ്ങിയത്.

ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്‌ഫർ എക്സ്പെർട്ടായ മാർക്കസ് മെർഗുലാവോ ലൂണക്ക് പരിക്ക് പറ്റിയെന്നും എന്നാൽ അതിന്റെ ഗുരുതരാവസ്ഥ എത്രത്തോളമുണ്ടെന്ന് അറിയില്ലെന്നുമാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. ലൂണ മുംബൈയിൽ ഉണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം മുട്ടുകാലിനു പരിക്കേറ്റതിനു ശസ്ത്രക്രിയ നടത്താനാണ് ലൂണ മുംബൈയിൽ എത്തിയിരിക്കുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ഇതേപ്പറ്റി പ്രതികരിച്ചിട്ടില്ല എന്നതിനാൽ മെർഗുലാവോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം ഷൈജു ദാമോദരൻ വെളിപ്പെടുത്തുന്നത് പ്രകാരം അഡ്രിയാൻ ലൂണ പരിക്കേറ്റതിനു ശസ്ത്രക്രിയ നടത്താൻ വേണ്ടിയാണ് മുംബൈയിൽ എത്തിയിട്ടുള്ളത്. ശസ്ത്രക്രിയക്ക് ശേഷം ലൂണ ഇന്ത്യ വിട്ട് സ്വന്തം രാജ്യമായ യുറുഗ്വായിലേക്ക് മടങ്ങി അവിടെയാണ് ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ബാക്കി പ്രവർത്തനങ്ങൾ നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അദ്ദേഹം പറഞ്ഞതാണ് യാഥാർഥ്യമെങ്കിൽ ലൂണ ഈ സീസണിലിനി ബ്ലാസ്റ്റേഴ്‌സിനായി കളിക്കാനുള്ള സാധ്യതയില്ല.

കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയത് മുതൽ ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് അഡ്രിയാൻ ലൂണ. കഴിഞ്ഞ രണ്ടു സീസണുകളിലും ടീമിനായി വളരെ മികച്ച, ആത്മാർത്ഥമായ പ്രകടനം ലൂണ നടത്തിയിരുന്നു. മറ്റു താരങ്ങൾ മോശം പ്രകടനത്തിന്റെ പേരിൽ വിമർശിക്കപ്പെടുമ്പോൾ ലൂണക്കെതിരെ യാതൊരു പരാമർശവും ബ്ലാസ്റ്റേഴ്‌സ് ആരാധകർ നടത്താറില്ല. തന്റെ കഴിവിന്റെ പരമാവധി കളിക്കളത്തിൽ നൽകാൻ താരം ശ്രമിക്കുന്നുണ്ട് എന്നതിനാലാണത്.

ലൂണക്ക് ഈ സീസൺ നഷ്‌ടമാവുകയാണെങ്കിൽ അതിനു ബദൽ ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തേണ്ടത് അനിവാര്യമായ കാര്യമാണ്. ഇന്ന് പഞ്ചാബ് എഫ്‌സിക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ അവരെ മറികടക്കാൻ കേരള ബ്ലാസ്റ്റേഴ്‌സിന് കഴിയുമെങ്കിലും അതിനു ശേഷമുള്ള മത്സരങ്ങൾ വമ്പൻ ടീമുകളെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടേണ്ടത്. മുംബൈ സിറ്റി, മോഹൻ ബഗാൻ എന്നീ ടീമുകൾക്കെതിരെ അഡ്രിയാൻ ലൂണയില്ലാതെ ഇറങ്ങേണ്ടി വരുന്നത് ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടിയാണ്.

Adrian Luna To Leave India After Surgery