അഡ്രിയാൻ ലൂണ മുംബൈയിലെത്തി, കേരള ബ്ലാസ്റ്റേഴ്‌സ് നായകനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് | Adrian Luna

കേരള ബ്ലാസ്റ്റേഴ്‌സ് നായകനായ അഡ്രിയാൻ ലൂണക്ക് പരിക്ക് പറ്റിയെന്നും താരത്തിന് ഈ സീസൺ മുഴുവൻ നഷ്‌ടമാകുമെന്നുമുള്ള വാർത്തയിൽ പകച്ചു നിൽക്കുകയാണ് ആരാധകർ. പഞ്ചാബ് എഫ്‌സിക്കെതിരെ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങാൻ നിൽക്കെയാണ് ലൂണയുടെ പരിക്കുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വന്നത്. യുറുഗ്വായ് താരത്തിന്റെ കാൽമുട്ടിലാണ് പരിശീലനം നടത്തുന്നതിനിടയിൽ പരിക്കേറ്റതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പരിക്കുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ഇതുവരെയും ലഭിച്ചിട്ടില്ലെങ്കിൽ പോലും ലൂണയുടെ കാര്യത്തിൽ പ്രതീക്ഷയൊന്നും വേണ്ടെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായ ലൂണയുടെ പരിക്ക് ടീമിന് വലിയ തിരിച്ചടി തന്നെയാണ്. ഈ സീസണിൽ ലൂണ ഗോളടിക്കുകയോ അസിസ്റ്റ് നൽകുകയോ ചെയ്യാത്ത മത്സരങ്ങളിലെല്ലാം കേരള ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയിട്ടുണ്ട്.

ലൂണയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ പുറത്തു വിട്ടത് ടൈംസ് ഓഫ് ഇന്ത്യയുടെ ജേർണലിസ്റ്റായ മാർക്കസ് മെർഗുലാവോയാണ്. താരത്തിന് പരിക്ക് പറ്റിയെന്ന കാര്യം ഉറപ്പിച്ച അദ്ദേഹം എത്ര കാലം പുറത്തിരിക്കുമെന്നത് അറിയില്ലെന്നാണ് വ്യക്തമാക്കിയത്. അഡ്രിയാൻ ലൂണ മുംബൈയിൽ ഉണ്ടെന്ന് സ്ഥിരീകരിച്ച മെർഗുലാവോ കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തെ ബന്ധപ്പെട്ടപ്പോൾ കൂടുതൽ കാര്യങ്ങളൊന്നും ഇക്കാര്യത്തിൽ പുറത്തു വിടുന്നില്ലെന്നും അറിയിച്ചിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം അഡ്രിയാൻ ലൂണ മുംബൈയിൽ എത്തിയിരിക്കുന്നത് തന്റെ കാലിനേറ്റ പരിക്കിന് ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടിയാണ്. മെർഗുലാവോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിൽ പോലും വിവിധ റിപ്പോർട്ടുകൾ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ശസ്ത്രക്രിയ വേണ്ടി വരുമെന്നത് കൊണ്ടാണ് താരത്തിന് സീസൺ നഷ്‌ടമാകുമെന്ന് പറയുന്നത്. ശസ്ത്രക്രിയയുടെ ലെവൽ അനുസരിച്ച് മൂന്നു മാസമോ അതിൽ കൂടുതലോ താരത്തിന് കളത്തിനു പുറത്തിരിക്കേണ്ടി വരും.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ദൗർഭാഗ്യം ഒരിക്കൽക്കൂടി ഇതിലൂടെ വ്യക്തമായിട്ടുണ്ട്. മൂന്നു തവണ ഫൈനലിൽ എത്തി കിരീടമില്ലാതെ മടങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ കിരീടപ്രതീക്ഷയോടെയാണ് മുന്നേറിയിരുന്നത്. എന്നാൽ അതിനിടയിലാണ് ടീമിന്റെ നായകന് ഗുരുതരമായി പരിക്കേൽക്കുന്നത്. കരിയറിൽ ഇതുവരെ ഇത്രയും ഗുരുതരമായ പരിക്ക് ലൂണക്ക് സംഭവിച്ചിട്ടില്ലെന്ന് അറിയുമ്പോഴാണ് എത്രയും വലിയ ദൗർഭാഗ്യമാണ്‌ ബ്ലാസ്റ്റേഴ്‌സ് നേരിടേണ്ടി വന്നതെന്ന് വ്യക്തമാവുക.

Adrian Luna Is In Mumbai For His Surgery