കരിയറിൽ ഇതുവരെയും ഇങ്ങിനെയൊന്ന് സംഭവിച്ചിട്ടില്ല, അഡ്രിയാൻ ലൂണയുടെ സീസൺ അവസാനിച്ചുവെന്ന് റിപ്പോർട്ടുകൾ | Adrian Luna

കേരള ബ്ലാസ്റ്റേഴ്‌സും പഞ്ചാബ് എഫ്‌സിയും തമ്മിൽ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിൽ അഡ്രിയാൻ ലൂണ കളിക്കില്ലെന്ന കാര്യം നേരത്തെ തീർച്ചയായിരുന്നു. പരിശീലനത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് താരത്തിന് ഇന്നത്തെ മത്സരം നഷ്‌ടമാകുമെന്നും അതിനു ശേഷം അടുത്ത മത്സരത്തിൽ തിരിച്ചു വരുമെന്നുമാണ് റിപ്പോർട്ടുകൾ ഉണ്ടായത്. എന്നാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി മാറുകയാണ്.

റിപ്പോർട്ടുകൾ പ്രകാരം അഡ്രിയാൻ ലൂണയുടെ പരിക്ക് വളരെ ഗുരുതരമാണ്. താരത്തിന് പഞ്ചാബ് എഫ്‌സിക്കെതിരെ നടക്കുന്ന മത്സരം മാത്രമല്ല, മറിച്ച് ഈ സീസൺ മുഴുവൻ നഷ്‌ടമാകുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മാർക്കസ് മെർഗുലാവോ അഡ്രിയാൻ ലൂണ പരിക്കിന്റെ പിടിയിലാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കിന്റെ ഗുരുതരാവസ്ഥ അറിയില്ലെന്നും അദ്ദേഹം പറയുന്നു.

ലൂണയുടെ പരിക്കുമായി ബന്ധപ്പെട്ട യാതൊരു വിവരവും ഔദ്യോഗികമായ ഉറവിടങ്ങളിൽ നിന്നും ലഭിച്ചിട്ടില്ല. ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട വൃത്തങ്ങളെല്ലാം ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. താരം ഈ സീസൺ മുഴുവൻ പുറത്തു പോയാൽ അത് ടീമിന് വലിയ തിരിച്ചടിയാണ് സമ്മാനിക്കുക. കരിയറിൽ ഇതുവരെ ഗുരുതരമായ പരിക്ക് സംഭവിച്ചിട്ടില്ലാത്ത താരമാണ് അഡ്രിയാൻ ലൂണ.

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി എല്ലാ മത്സരത്തിലും മുഴുവൻ സമയവും കളിച്ച താരമാണ് അഡ്രിയാൻ ലൂണ. രണ്ടു മത്സരങ്ങളിൽ ഒഴികെ ബാക്കി എല്ലാറ്റിലും ഗോളോ അസിസ്റ്റോ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ലൂണ ഗോളോ അസിസ്റ്റോ സ്വന്തമാക്കാത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയിട്ടുണ്ടെന്നത് അദ്ദേഹത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിൽ മൂന്നാമത്തെ സീസണാണ് അഡ്രിയാൻ ലൂണ കളിക്കുന്നത്. കഴിഞ്ഞ രണ്ടു സീസണിലും മികച്ച പ്രകടനം നടത്തിയ താരത്തെ ഈ സീസണിൽ നായകനായി നിയമിച്ചിരുന്നു. താരത്തിന് കീഴിൽ ടീം മികച്ച പ്രകടനം നടത്തുമ്പോഴാണ് അപ്രതീക്ഷിതമായ തിരിച്ചടി ഉണ്ടാകുന്നത്. ഇതിനു പരിഹാരമെന്തെന്ന് കണ്ടറിയുക തന്നെ വേണം.

Adrian Luna Reportedly To Miss Rest Of The Season