തിയാഗോ സിൽവയെ പോച്ചട്ടിനോ അപമാനിച്ചു, ചെൽസിയുടെ മോശം ഫോമിന് പരിശീലകനോടുള്ള എതിർപ്പ് | Chelsea

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസി മോശം പ്രകടനം തുടരുന്നതിനിടെ ടീമിലെ പ്രശ്‌നങ്ങൾക്ക് കാരണം പരിശീലകനും താരങ്ങളും തമ്മിൽ അകന്നതു കൊണ്ടാണെന്ന രീതിയിൽ റിപ്പോർട്ടുകൾ പുറത്തു വരുന്നു. കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും തോൽവി വഴങ്ങിയ ചെൽസി നിലവിൽ ലീഗിൽ പന്ത്രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്. വമ്പൻ താരങ്ങളെ വാരിക്കൂട്ടിയിട്ടും യാതൊരു സ്ഥിരതയും പ്രകടനത്തിൽ കാണിക്കാൻ ചെൽസിക്ക് കഴിയുന്നില്ല.

മാഞ്ചസ്റ്റർ സിറ്റി, ആഴ്‌സണൽ എന്നീ ടീമുകളെ സമനിലയിൽ തളക്കുകയും ടോട്ടനത്തിനെതിരെ വിജയം സ്വന്തമാക്കുകയും ചെയ്‌ത ചെൽസി തിരിച്ചുവരവിന്റെ സൂചനകൾ നൽകിയെങ്കിലും അതിനു ശേഷമാണ് നാലിൽ മൂന്നു മത്സരവും തോറ്റത്. ഇതിനു കാരണം ചെൽസിയുടെ പരിശീലകനായ മൗറീസിയോ പോച്ചട്ടിനോ ടീമിലെ മുതിർന്ന താരമായ തിയാഗോ സിൽവയോട് കാണിച്ച ബഹുമാനക്കുറവാണെന്നാണ് ദി ഗാർഡിയൻ പുറത്തു വിടുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അസ്പ്ലികുയറ്റ ടീം വിട്ടതോടെ റീസ് ജെയിംസ്, ബെൻ ചിൽവെൽ എന്നിവരെയാണ് ടീമിന്റെ നായകനും ഉപനായകനുമായി തീരുമാനിച്ചത്. എന്നാൽ ഈ രണ്ടു താരങ്ങളും ഈ സീസണിൽ ഫിറ്റ്നസ് പ്രശ്‌നങ്ങളും പരിക്കും കാരണം ബുദ്ധിമുട്ടുകയാണ്. ഇവരുടെ അഭാവത്തിൽ പരിചയസമ്പന്നനായ തിയാഗോ സിൽവയെയാണ് ടീമിന്റെ നായകനായി തീരുമാനിക്കേണ്ടതെങ്കിലും ബ്രസീലിയൻ താരത്തെ തഴഞ്ഞ പോച്ചട്ടിനോ കൊണാർ ഗല്ലഗാറിനാണ് ക്യാപ്റ്റൻ സ്ഥാനം നൽകിയത്.

പോച്ചട്ടിനോയുടെ ഈ തീരുമാനം ചെൽസി താരങ്ങൾക്കിടയിൽ മുറുമുറുപ്പ് ഉണ്ടാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പോച്ചട്ടിനോ നൽകിയ ക്യാപ്റ്റൻ സ്ഥാനത്തെ പല താരങ്ങളും ചോദ്യം ചെയ്യുന്നുണ്ട്. തിയാഗോ സിൽവയെ അർജന്റൈൻ പരിശീലകൻ അപമാനിക്കുകയാണ് ഇതിലൂടെ ചെയ്‌തതെന്ന്‌ പലരും കരുതുന്നു. ഈ സീസണിൽ ടീമിന്റെ നായകനാകും എന്നു പ്രതീക്ഷിക്കപ്പെട്ട സിൽവയെ വീണ്ടും വീണ്ടും തഴയുന്നത് എന്തിനാണെന്ന് പല താരങ്ങൾക്കും മനസിലാകുന്നില്ല.

അതേസമയം മുപ്പത്തിയൊമ്പതാം വയസിലും ചെൽസിയുടെ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായി തുടരാൻ ബ്രസീലിയൻ ഡിഫെൻഡർക്ക് കഴിയുന്നുണ്ട്. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരം അതിനു ശേഷം ചെൽസിയിൽ ഉണ്ടാകുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. സിൽവക്ക് ടീമിനെ ശരിയായ ദിശയിലേക്ക് നയിക്കാൻ കഴിയുമെന്നിരിക്കെ അദ്ദേഹത്തെ ഇക്കാര്യത്തിൽ പൂർണമായും തഴയുന്ന പോച്ചട്ടിനോയുടെ സമീപനമാണ് പലർക്കും അതൃപ്‌തിയുണ്ടാക്കുന്നത്.

Chelsea Players Confused With Thiago Silva Treatment By Pochettino