ലയണൽ മെസി എഫക്റ്റിൽ റൊണാൾഡോ മൂന്നാം സ്ഥാനത്തേക്ക് വീണു, 2023ൽ ഏറ്റവുമധികം പേർ തിരഞ്ഞ ടീം ഇന്റർ മിയാമി | Inter Miami

ലയണൽ മെസി ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷമുണ്ടായ മാറ്റങ്ങൾ ഒരുപാട് ചർച്ചയായതാണ്. നിരവധി പ്രധാന താരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും അധികമാരും ശ്രദ്ധിക്കപ്പെടാതെ നിന്നിരുന്ന അമേരിക്കൻ ലീഗിനെ ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനു വേണ്ടി മെസിക്ക് കഴിഞ്ഞു. ലയണൽ മെസി കളിക്കുന്ന മത്സരങ്ങളുടെ ടിക്കറ്റുകൾ വലിയ തുകക്ക് വിറ്റു പോകുന്നതും വലിയ സെലിബ്രിറ്റികൾ മെസിയുടെ മത്സരം കാണാൻ എത്തുന്നതും പതിവായിരുന്നു.

സീസണിന്റെ പകുതിയിലാണ് ലയണൽ മെസി ഇന്റർ മിയാമിയിൽ എത്തിയത്. ആ സമയത്ത് ലീഗിന്റെ അടിത്തട്ടിൽ കിടന്നിരുന്ന ഇന്റർ മിയാമിക്കൊപ്പം നേട്ടമുണ്ടാക്കാൻ മെസിക്ക് കഴിഞ്ഞു. ചരിത്രത്തിൽ ആദ്യമായി രണ്ടു ഫൈനലുകളിൽ കളിച്ച ഇന്റർ മിയാമി അതിലൊന്നിൽ കിരീടം സ്വന്തമാക്കി. മെസിയുടെ വരവ് അമേരിക്കൻ ലീഗിനും ഇന്റർ മിയാമിക്കും കളിക്കളത്തിലും അതിനു പുറത്തും നേട്ടമുണ്ടാക്കി നൽകിയെന്ന കാര്യം പകൽ പോലെ വ്യക്തം.

ലയണൽ മെസി എഫക്റ്റ് ചെറുതൊന്നുമല്ലെന്ന് കഴിഞ്ഞ ദിവസം പുറത്തു വന്ന മറ്റൊരു കണക്ക് സൂചിപ്പിക്കുന്നു. 2023 വർഷത്തിൽ ഏറ്റവുമധികം പേർ ഇന്റർനെറ്റിൽ തിരഞ്ഞ സ്പോർട്ട്സ് ക്ലബുകളുടെ പട്ടിക പുറത്തു വന്നപ്പോൾ അതിൽ മുന്നിൽ നിൽക്കുന്നത് ലയണൽ മെസിയുടെ ഇന്റർ മിയാമിയാണ്. കഴിഞ്ഞ സമ്മറിൽ പിഎസ്‌ജി വിട്ടു ഇന്റർ മിയാമിയിലേക്ക് ചേക്കേറാനുള്ള മെസിയുടെ തീരുമാനമാണ് ഇതിനു കാരണമെന്ന കാര്യത്തിൽ സംശയമില്ല.

2023ൽ തന്നെയാണ് സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയത്. സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന കായികതാരമായിട്ടും റൊണാൾഡോ ചേക്കേറിയ അൽ നസ്‌റിനെ തിരഞ്ഞവരുടെ എണ്ണം ഇന്റർ മിയാമിയെ തിരഞ്ഞവരെ അപേക്ഷിച്ച് കുറവാണ്. ഈ ലിസ്റ്റിൽ അൽ നസ്ർ മൂന്നാം സ്ഥാനത്താണ്. അമേരിക്കയിലെ എൻബിഎ ടീമായ ലോസ് ഏഞ്ചൽസ് ലെക്കേഴ്‌സാണ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നത്.

കായികമേഖലയിൽ മെസി എന്ന പേരും താരം ഉണ്ടാക്കിയെടുത്ത പ്രഭാവവും എത്രത്തോളമുണ്ടെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ഖത്തർ ലോകകപ്പിലെ കിരീടനേട്ടത്തോടെ കായികമേഖലയിൽ മറ്റാർക്കും എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരവും പ്രസിദ്ധിയും മെസി നേടിയെടുക്കുകയുണ്ടായി. ഇപ്പോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളെന്ന കാര്യത്തിൽ ഒരു സംശയവുമില്ലാതെ മെസിയുടെ പേര് എല്ലാവരും എടുത്തു പറയുന്നു.

Inter Miami Most Searched Team In 2023