മികച്ച വിദേശതാരങ്ങളും പരിശീലകരുമുള്ള ഒരു ലീഗിന് ഈ നിലവാരം മതിയോ, ഇവാന്റെ വിലക്കിൽ പ്രതികരിച്ച് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം | IM Vijayan

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ചിനെ വിലക്കിയ നടപടിയിലൂടെ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിമാക്കെതിരെയുള്ള പരാതികൾ ഇല്ലാതാക്കുകയാണ് എഐഎഫ്എഫ് ലക്ഷ്യമിട്ടിരിക്കുന്നത് എന്നതു വ്യക്തമാണ്. അതിന്റെ മാറ്റങ്ങൾ കഴിഞ്ഞ ദിവസം ചെന്നൈയിൻ എഫ്‌സി പരിശീലകന്റെ വാക്കുകളിൽ തെളിഞ്ഞു കണ്ടു. റഫറിയിങ്ങിനെതിരെ പരാതിയുണ്ടെങ്കിലും ഇവാൻ വുകോമനോവിച്ചിന് വിലക്ക് കിട്ടിയ സാഹചര്യത്തിൽ ഒന്നും പറയുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ച കാലം മുതൽ തന്നെ റഫറിയിങ് പിഴവുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ശൈശവദശയിലുള്ള ഒരു ടൂർണമെന്റിൽ ഇത്തരം പിഴവുകൾ സ്വാഭാവികമാണെന്ന് കരുതി സമാധാനിച്ചെങ്കിലും ഇപ്പോൾ പത്താമത്തെ സീസണിലേക്ക് കടക്കുമ്പോൾ പിഴവുകൾ കൂടുതലാവുകയാണ്. വീഡിയോ റഫറിയിങ് സംവിധാനം കൊണ്ടുവരാൻ ആരാധകർ ഓരോ തവണ ആവശ്യപ്പെട്ടു കൊണ്ടിരിക്കുമ്പോഴും അതിനു വേണ്ടി യാതൊന്നും ചെയ്യാൻ നേതൃത്വത്തിലുള്ളവർ തയ്യാറാകുന്നില്ല.

അതിനിടയിലാണ് റഫയിങ് പിഴവുകൾക്കെതിരെ ശക്തമായ പ്രതിഷേധം അറിയിക്കാറുള്ള ഇവാന് വിലക്ക് വരുന്നത്. ഇതിലൂടെ തങ്ങൾക്കെതിരായ പ്രതിഷേധസ്വരങ്ങൾ അടിച്ചമർത്തുകയെന്ന ഉദ്ദേശമാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുള്ളതെങ്കിലും അവരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം സോഷ്യൽ മീഡിയയിലും അല്ലാതെയും വരുന്നുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐഎം വിജയൻ ഇതിനെതിരെ പ്രതികരിക്കുകയുണ്ടായി.

ഇവാൻ വുകോമനോവിച്ചിനെ വിലക്കിയ നടപടിയെക്കുറിച്ച് സംസാരിക്കുമ്പോൾ ഐഎസ്എൽ കൂടുതൽ മികച്ചതാകേണ്ടതിനെ കുറിച്ചാണ് ഐഎം വിജയൻ ചൂണ്ടിക്കാട്ടിയത്. മികച്ച വിദേശതാരങ്ങളും പരിശീലകരും നിറഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുപോലെ റഫറിയിങ് പിഴവുകൾ ഉണ്ടാകുന്നതും അതിനെതിരെ പരാതികൾ ഉണ്ടാകുന്നതും നാണക്കേടാണെന്നും വീഡിയോ റഫറിയിങ് സംവിധാനം കൊണ്ടുവരാനുള്ള നടപടികൾ ഉടനെ ഉണ്ടാകണമെന്നുമാണ് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം പറഞ്ഞത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ വീഡിയോ റഫറിയിങ് ഇല്ലാത്തതിനാൽ പല മികച്ച വിദേശതാരങ്ങളും ലീഗിലേക്ക് വരാൻ മടിക്കുന്നുണ്ടെന്ന് ഇവാൻ വുകോമനോവിച്ച് മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. വീഡിയോ റഫറിയിങ് വന്നാൽ ഇന്ത്യൻ സൂപ്പർ ലീഗും ഇന്ത്യൻ ഫുട്ബോളും കൂടുതൽ മെച്ചപ്പെടുമെന്ന് ഇതിൽ നിന്നും വ്യക്തമാണ്. എന്നാൽ ഇപ്പോഴൊന്നും ഇതൊന്നും നടപ്പിലാക്കാൻ കഴിയില്ലെന്നു പറഞ്ഞ് ഫുട്ബോളിന്റെ വളർച്ചയെ തളർത്തിയിടുന്ന സമീപനമാണ് നേതൃത്വത്തിന്റേത്.

IM Vijayan Ask To Implement VAR In ISL