ഇവാന്റെ വിലക്കിലൂടെ എഐഎഫ്എഫ് ലക്ഷ്യമിട്ടത് നടപ്പിലാകുന്നു, റഫറിമാർക്കെതിരെ പ്രതികരിക്കാൻ മടിച്ച് പരിശീലകർ | ISL

ഇവാൻ വുകോമനോവിച്ചിനെ വിലക്കാനുള്ള എഐഎഫ്എഫിന്റെ തീരുമാനം തീർത്തും അപ്രതീക്ഷിതമായ ഒന്നായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ്‌സിയെ നേരിടാൻ തയ്യാറെടുത്തു കൊണ്ടിരിക്കെയാണ് ചെന്നൈയിൻ എഫ്‌സിക്കെതിരായ മത്സരത്തിനു ശേഷം റഫറിമാർക്കെതിരെ സംസാരിച്ചതിന്റെ പേരിൽ ഇവാനെതിരെ നടപടിയുണ്ടായത്. ഒരു മത്സരത്തിൽ വിലക്കും അമ്പതിനായിരം രൂപ പിഴയുമാണ് അദ്ദേഹത്തിന് ശിക്ഷയായി ലഭിച്ചത്.

റഫറിയിങ് പിഴവുകൾ നിരന്തരമുണ്ടാകുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ അതിനെതിരെ പരിശീലകർ പ്രതിഷേധിക്കുന്നത് സ്വാഭാവികമായ കാര്യമായിരുന്നു. ഇവാനെതിരായ വിലക്കോടെ എഐഎഫ്എഫ് നൽകിയ സൂചന വളരെ വലുതായിരുന്നു. ഇനി റഫറിയിങ് പിഴവുകളെക്കുറിച്ച് ഒരു പരിശീലകരും ശബ്ദമുയർത്തരുത് എന്ന കൃത്യമായ ഉദ്ദേശത്തോടെ തന്നെയാണ് അവർ ഇത് നടപ്പിലാക്കിയത്. പ്രതിഷേധിച്ചാൽ ഇതായിരിക്കും ഉണ്ടാകാൻ പോകുന്നതെന്ന സന്ദേശവും അവർ നൽകി.

എന്തായാലും എഐഎഫ്എഫിന്റെ ഉദ്ദേശം നടപ്പിലാകുന്നുണ്ടെന്നാണ് കരുതേണ്ടത്. കഴിഞ്ഞ ദിവസം ചെന്നൈയിൻ എഫ്‌സി പരിശീലകൻ ഓവൻ കോയൽ നടത്തിയ പരാമർശം ഇത് വ്യക്തമാക്കുന്നു. ഇവാൻ വുകോമനോവിച്ചിന് വിലക്ക് വന്ന സാഹചര്യത്തിൽ ഐഎസ്എൽ റഫറിമാർക്കെതിരെ പ്രതിഷേധം ഉണ്ടായിട്ടും അത് പ്രകടിപ്പിക്കാൻ അദ്ദേഹം തയ്യാറായില്ല. മത്സരത്തിനു മുൻപുള്ള പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങിനെയായിരുന്നു.

“കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ഞങ്ങൾക്കെതിരെ തീരുമാനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത്തരം കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ച പരിശീലകർ കുഴപ്പത്തിലാവുന്നതും കാണുന്നു. മത്സരത്തിലെ പ്രധാന സംഭവങ്ങൾ ശരിയായി തീരുമാനിക്കേണ്ടത് പ്രധാനമാണ്. കാരണം ഒരു ഗോളിന് മത്സരത്തെ മാറ്റിമറിക്കാൻ കഴിയും. വുകോമനോവിച്ചിന് വിലക്ക് വന്നതിനാൽ ഞാൻ കൂടുതൽ പറയുന്നില്ല. പക്ഷെ ഇതുപോലെ മത്സരത്തിന്റെ മുഴുവൻ ഗതിയും മാറ്റുന്ന തരത്തിലുള്ള തീരുമാനങ്ങൾ ഉണ്ടാകുന്നുണ്ട്.” അദ്ദേഹം വ്യക്തമാക്കി.

റഫറിമാരെക്കുറിച്ച് പ്രതിഷേധമുണ്ടായിട്ടും അത് വ്യക്തമാക്കാതെ അതിനെ സൗമ്യമായി മാത്രം പരാമർശിക്കുകയാണ് ചെന്നൈയിൻ പരിശീലകൻ ചെയ്‌തത്‌. എഐഎഫ്എഫ് ഉദ്ദേശിക്കുന്നതും ഇത്തരത്തിൽ പരിശീലകരുടെ വായ് മൂടിക്കെട്ടുക തന്നെയാണ്. പരിശീലകരുടെ ശക്തമായ പ്രതികരണങ്ങൾ കുറയുമ്പോൾ ആരാധകരുടെ പ്രതിഷേധവും കുറയുമെന്നും അതിലൂടെ ഇതിൽ നിന്നും രക്ഷപ്പെടാമെന്ന തന്ത്രമാണ് അവർ അവലംബിക്കുന്നത്.

ISL Coaches Fears To Criticize Referees After Ivan Ban