കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഓഫർ തഴഞ്ഞു, ഓസ്‌ട്രേലിയൻ താരത്തെ ബെംഗളൂരു റാഞ്ചി | Kerala Blasters

പുതിയ സീസണിനായി ടീമിലെത്തിച്ച ജോഷുവ സോട്ടിരിയോക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഓസ്‌ട്രേലിയൻ താരമായ സോട്ടിരിയോക്ക് പകരം ഓസ്‌ട്രേലിയയിൽ നിന്ന് തന്നെയുള്ള റയാൻ വില്യംസിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്‌സ് നടത്തിയിരുന്നു. ഓസ്‌ട്രേലിയൻ ക്ലബായ പെർത്ത് ഗ്ലോറിയുടെ താരമായ വില്യംസ് ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറാനുള്ള സാധ്യതയുണ്ടെന്ന് മാർക്കസ് മെർഗുലാവോയും വെളിപ്പെടുത്തിയിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന എതിരാളികളായ ബെംഗളൂരു എഫ്‌സി റയാൻ വില്യംസിന്റെ ട്രാൻസ്‌ഫർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വർഷത്തെ കരാറിലാണ് ഇരുപത്തിയൊമ്പതു വയസുള്ള താരം ബംഗളൂരുവിലേക്ക് ചേക്കേറിയത്. ഒരു വർഷം കഴിഞ്ഞാൽ കരാർ നീട്ടാൻ കഴിയുമെന്ന ഉടമ്പടിയുമുണ്ട്. തങ്ങൾ സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ച താരം ചിരവൈരികളായ ബംഗളൂരുവിലേക്ക് ചേക്കേറിയതിന്റെ നിരാശയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

ഓസ്‌ട്രേലിയൻ താരമാണെങ്കിലും ഇംഗ്ലണ്ടിലാണ് കരിയറിന്റെ ഭൂരിഭാഗവും റയാൻ വില്യംസ് കളിച്ചിട്ടുള്ളത്. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന ക്ലബായ ഫുൾഹാമിൽ മൂന്നു വർഷത്തോളം വില്യംസ് ഉണ്ടായിരുന്നു. മുന്നേറ്റനിരയിലും മധ്യനിരയിലും കളിക്കാൻ കഴിയുന്ന താരം ഇവാൻ വുകോമനോവിച്ചിന് വലിയൊരു മുതൽക്കൂട്ടാകുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും താരത്തെ ബെംഗളൂരു കൂടുതൽ മികച്ച ഓഫർ നൽകി സ്വന്തമാക്കുകയായിരുന്നു.

റയാൻ വില്യംസിനെയും നഷ്‌ടമായതോടെ സോട്ടിരിയോക്ക് പുതിയൊരു പകരക്കാരനെ കണ്ടെത്തേണ്ട സാഹചര്യത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴുള്ളത്. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി നിരവധി താരങ്ങളെയും ബ്ലാസ്റ്റേഴ്‌സിനേയും ബന്ധപ്പെടുത്തി അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും ഇതുവരെയും ഒരു സൈനിങ്‌ പോലും ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മറ്റു ടീമുകളെല്ലാം സ്‌ക്വാഡ് ശക്തമാക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് നിഷ്ക്രിയമായി തുടരുന്നത് ആരാധകരിൽ വലിയ നിരാശയാണുണ്ടാക്കുന്നത്.

Bengaluru Signed Kerala Blasters Target Ryan Williams