ബ്രസീലിനോടുള്ള തോൽവിയുടെ നിരാശ അർജന്റീനക്കെതിരെ മാറ്റണം, മുന്നറിയിപ്പുമായി ബൊളീവിയൻ പരിശീലകൻ | Argentina
ബൊളീവിയയെ സംബന്ധിച്ച് ലോകകപ്പ് യോഗ്യതക്കു വേണ്ടിയുള്ള ആദ്യത്തെ മത്സരം തന്നെ നിരാശപ്പെടുത്തിയ ഒന്നായിരുന്നു. ബ്രസീലിന്റെ മൈതാനത്തു വെച്ച് നടന്ന മത്സരത്തിൽ നെയ്മർ നിറഞ്ഞാടിയപ്പോൾ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ തോൽവിയാണു ടീം വഴങ്ങിയത്. അടുത്ത മത്സരത്തിൽ അർജന്റീനയെ നേരിടാനൊരുങ്ങുമ്പോൾ ഈ തോൽവിയുടെ നിരാശ മാറ്റാമെന്ന പ്രതീക്ഷയിലാണ് ബൊളീവിയൻ പരിശീലകൻ ഗുസ്താവോ കോസ്റ്റാസ്. ബൊളീവിയയിൽ വെച്ചാണ് മത്സരം നടക്കുന്നത്.
“അർജന്റീനക്കെതിരെ നടക്കാൻ പോകുന്നതൊരു ഫൈനലാണ്. ഞങ്ങളുടെ നാട്ടിൽ, ഞങ്ങളുടെ ആരാധകരുടെ കൂടെ തിരിച്ചു വരേണ്ടത് അത്യാവശ്യമാണ്. ബ്രസീലിനെതിരായ തോൽവി ഞങ്ങൾക്ക് എന്തൊക്കെ പിഴവുകൾ സംഭവിച്ചുവെന്ന് മനസിലാക്കാൻ സഹായിച്ചു. അതിൽ നിന്നും എത്രയും പെട്ടന്ന് പുറത്തു വരേണ്ടതുണ്ട്. ബ്രസീലിനെതിരെ കളിച്ചതിൽ നിന്നും വ്യത്യസ്ഥമായിരിക്കും അടുത്ത മത്സരം, അർജന്റീനക്ക് മേൽ സമ്മർദ്ദം ചെലുത്തേണ്ടതുണ്ട്. കഴിഞ്ഞ മത്സരം വേദനയുണ്ടാക്കിയിരുന്നു, പക്ഷെ അതു കഴിഞ്ഞു പോയ കാര്യമാണ്.” അദ്ദേഹം പറഞ്ഞു.
🚨 TyC | Lionel Messi will travel 90% to La Paz with the Argentina national team#Messi #Argentina pic.twitter.com/z8rlzUz5iq
— Inter Miami FC Hub (@Intermiamifchub) September 9, 2023
അർജന്റീനയെ നേരിടാനൊരുങ്ങുമ്പോൾ ബൊളീവിയക്ക് ഏറ്റവുമധികം പ്രതീക്ഷ നൽകുന്നത് സ്വന്തം നാട്ടിലെ മൈതാനമായ ലാ പാസിൽ വെച്ചാണ് മത്സരം നടക്കുന്നതെന്നതാണ്. സമുദ്രനിരപ്പിൽ നിന്നും ഏറ്റവുമധികം ഉയരത്തിലുള്ള സ്റ്റേഡിയമായ ഇവിടെ കളിക്കുമ്പോൾ എതിരാളികൾക്ക് ശ്വാസം മുട്ടൽ അടക്കമുള്ള ശാരീരിക പ്രശ്നങ്ങൾ ഉണ്ടാവുന്നത് സാധാരണയാണ്. ഇവിടെ വെച്ച് അർജന്റീനയെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് ബൊളീവിയ തോൽപ്പിച്ച ചരിത്രവുമുണ്ടെന്നത് മെസിക്കും സംഘത്തിനും ഭീഷണിയാണ്.
അതേസമയം അർജന്റീനയെ സംബന്ധിച്ച് മറ്റൊരു ഭീഷണി ലയണൽ മെസി മത്സരത്തിൽ ഇറങ്ങുമോ ഇല്ലയോ എന്ന കാര്യത്തിൽ തീരുമാനമൊന്നും ആകാത്തതാണ്. ശാരീരികമായ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മത്സരം അവസാനിക്കുന്നതിനു മുൻപേ ലയണൽ മെസി മൈതാനം വിട്ടിരുന്നു. നിലവിൽ പരിക്കിന്റെ ബുദ്ധിമുട്ടുകളൊന്നും താരത്തിനില്ലെന്നാണ് റിപ്പോർട്ടുകളെങ്കിലും സ്കലോണി മെസിയെ പുറത്തിരുത്താനുള്ള തീരുമാനമെടുത്താൽ അത് അർജന്റീനയുടെ സാധ്യതകളെ ദുർബലമാക്കും.
Bolivia Coach Warns Argentina