ഫ്രാൻസിൽ അവസരം ലഭിക്കാൻ വൈകും, സിദാൻ ബ്രസീൽ പരിശീലകനാവാൻ സാധ്യത

2021 മെയ് മാസത്തിൽ ബ്രസീൽ ടീമിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞതിനു ശേഷം സിദാൻ ഇതുവരെയും മറ്റൊരു ടീമിന്റെയും ഓഫർ സ്വീകരിച്ചിട്ടില്ല. നിരവധി ക്ലബുകൾ താരത്തിനായി രംഗത്തു വന്നെങ്കിലും ഇതുവരെയും ഒരു ടീമിലേക്കും ചേക്കേറാൻ റയൽ മാഡ്രിഡിനൊപ്പം ഐതിഹാസികമായ നേട്ടങ്ങൾ സ്വന്തമാക്കിയ അദ്ദേഹം തയ്യാറായിട്ടില്ല. സോൾഷെയറിനെ പുറത്താക്കിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡും മൗറീസിയോ പോച്ചട്ടിനോയെ പുറത്താക്കിയപ്പോൾ പിഎസ്‌ജിയും സിദാനു വേണ്ടി ശ്രമങ്ങൾ നടത്തിയെങ്കിലും രണ്ടു ക്ലബുകളുടെ ഓഫറും അദ്ദേഹം നിരാകരിക്കുകയായിരുന്നു.

2022 ലോകകപ്പിനു ശേഷം ഫ്രാൻസ് ടീമിൽ നിന്നും ദെഷാംപ്‌സ് പടിയിറങ്ങുമ്പോൾ ദേശീയ ടീമിന്റെ പരിശീലകനാവാൻ വേണ്ടിയാണ് സിദാൻ ക്ലബുകളുടെ ഓഫർ തഴഞ്ഞതെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ ലോകകപ്പിനു ശേഷം അതിനുള്ള സാധ്യതകൾ പൂർണമായും മങ്ങി. ഫ്രാൻസ് മികച്ച പ്രകടനം നടത്തി ഫൈനലിൽ എത്തിയതോടെ ദെഷാംപ്‌സ് തന്നെ ടീമിനൊപ്പം തുടരുമെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഏറ്റവും ചുരുങ്ങിയത് 2024 യൂറോ വരെയെങ്കിലും ദെഷാംപ്‌സ് ദേശീയ ടീമിന്റെ പരിശീലകനായി നിൽക്കുമെന്നാണ് സൂചനകൾ. അതു ചിലപ്പോൾ 2026 ലോകകപ്പ് വരെയും നീളാൻ സാധ്യതയുണ്ട്.

സിദാൻ ഫ്രാൻസ് പരിശീലകനാവാനുള്ള സാധ്യത മങ്ങിയതോടെ അദ്ദേഹത്തെ ബ്രസീലിൽ എത്തിക്കാനുള്ള പദ്ധതികൾ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെയുടെ റിപ്പോർട്ടുകൾ പ്രകാരം ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പുറത്തായ ടീമിൽ ടിറ്റെക്ക് പകരക്കാരനായി ഒരു വിദേശപരിശീലകനെയാണ് ബ്രസീൽ നോട്ടമിടുന്നത്. നിരവധി പരിശീലകർ ബ്രസീലിന്റെ റഡാറിലുള്ളതിൽ സിദാനുമുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റായ നോയൽ ലെ ഗ്രേയ്‌റ്റ് അടുത്തയാഴ്‌ച ദെഷാംപ്‌സുമായി ഫ്രാൻസിന്റെ പരിശീലകനായി തുടരാൻ വേണ്ടിയുള്ള ചർച്ചകൾ നടത്താനൊരുങ്ങുകയാണ്. ദെഷാംപ്‌സ് തന്നെ തുടരണമെന്ന് ആഗ്രഹമുള്ള ഗ്രെയ്റ്റ് 2030 ലോകകപ്പ് വരെ അദ്ദേഹത്തിന് കരാർ നൽകാനും ഒരുക്കമാണ്. ഫ്രാൻസിനൊപ്പം ഒരു ലോകകപ്പ് കിരീടം നേടുകയും ഒരു ലോകകപ്പിന്റെയും യൂറോ കപ്പിന്റെയും ഫൈനലിൽ എത്തിക്കുകയും ചെയ്‌ത ദെഷാംപ്‌സിന് കൂടുതൽ നേട്ടങ്ങൾ സ്വന്താമാക്കാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ഫ്രാൻസ് പരിശീലകനാവാനുള്ള സാധ്യത മങ്ങിയതോടെ മറ്റ് ഓഫറുകൾ സിദാൻ പരിഗണിക്കാനുള്ള സാധ്യതയുണ്ട്. ബ്രസീലിനെപ്പോലെ പ്രതിഭകളുള്ള ഒരു ടീമിനെ പരിശീലിപ്പിക്കാനുള്ള അവസരം അദ്ദേഹം തള്ളിക്കളയാനും മടിക്കും. ബ്രസീലിയൻ താരങ്ങളായ എഡർ മിലിറ്റാവോ, കസമീറോ, വിനീഷ്യസ്, റോഡ്രിഗോ എന്നിവരെ മുൻപ് പരിശീലിപ്പിച്ചിട്ടുള്ളയാളാണ് സിദാൻ. അതുകൊണ്ടു തന്നെ അദ്ദേഹം കാനറിപ്പടയുടെ തലവനാകായി വരാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാൻ കഴിയില്ല.