അവസാന മിനുട്ടുകളിലെ വണ്ടർഗോൾ, ബ്രസീലിന്റെ വിജയക്കുതിപ്പ് അവസാനിപ്പിച്ച് വെനസ്വല | Brazil

2026 ലോകകപ്പ് യോഗ്യത മത്സരത്തിൽ വെനസ്വലക്കെതിരെ സമനില വഴങ്ങി ബ്രസീൽ. നെയ്‌മർ, വിനീഷ്യസ്, റോഡ്രിഗോ തുടങ്ങി വമ്പൻ താരനിര മുന്നേറ്റനിരയിൽ ഉണ്ടായിരുന്നിട്ടും സ്വന്തം നാട്ടിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ കഴിയാതിരുന്നത് ബ്രസീലിനെ സംബന്ധിച്ച് നിരാശയാണ്. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ രണ്ടു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. അവസാന മിനുട്ടുകളിലാണ് വെനസ്വല ബ്രസീലിനെതിരെ സമനില ഗോൾ നേടുന്നത്.

സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ ബ്രസീലിനായിരുന്നു മുൻ‌തൂക്കമെങ്കിലും ആദ്യപകുതിയിൽ രണ്ടു ടീമുകളും മികച്ച അവസരങ്ങളൊന്നും തുറന്നെടുത്തിരുന്നില്ല. രണ്ടാമത്തെ മിനുട്ടിൽ നെയ്‌മറുടെ ഒരു ഷോട്ട് ബാറിന് മുകളിലൂടെ പോയതാണ് ആദ്യപകുതിയിൽ ബ്രസീൽ ഭീഷണി ഉയർത്തിയ നിമിഷം. എന്നാൽ രണ്ടാം പകുതിയിൽ കാനറികൾ ആക്രമണം കനപ്പിച്ചതിനു അതിനു പിന്നാലെ തന്നെ ഫലമുണ്ടായി, ബ്രസീൽ മത്സരത്തിൽ മുന്നിലെത്തുകയും ചെയ്‌തു.

അൻപതാം മിനുട്ടിൽ നെയ്‌മർ എടുത്ത കോർണറിൽ നിന്നും ആഴ്‌സണൽ പ്രതിരോധതാരം ഗബ്രിയേലാണ് ബ്രസീലിന്റെ ഗോൾ നേടുന്നത്. നെയ്‌മറുടെ കൃത്യതയാർന്ന ക്രോസ് മികച്ചൊരു ഹെഡറിലൂടെ താരം വലയിലേക്ക് എത്തിച്ചു. അതിനു ശേഷം റോഡ്രിഗോയുടെ ഒരു ഷോട്ട് പോസ്റ്റിലിടിച്ച് തെറിച്ചു പോകുന്നതും മത്സരത്തിൽ കാണുകയുണ്ടായി. എഴുപതാം മിനുട്ടിൽ നെയ്‌മർ ഒരു ഗോൾ നേടിയെങ്കിലും മറ്റൊരു ബ്രസീലിയൻ താരം ഓഫ്‌സൈഡ് ആയതിനാൽ അത് നിഷേധിക്കപ്പെട്ടു.

മത്സരത്തിൽ ബ്രസീൽ വിജയം നേടുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി വെനസ്വല ഗോൾ കണ്ടെത്തുന്നത്. പിൻനിരയിൽ നിന്നും തുടങ്ങിയ ഒരു മുന്നേറ്റത്തിനൊടുവിലാണ് വെനസ്വല ഗോൾ കണ്ടെത്തുന്നത്. വലതുവിങ്ങിൽ നിന്നും ജെഫേഴ്‌സൺ സാവരിനോ നൽകിയ ഒരു ക്രോസ് ബോക്‌സിനുള്ളിൽ നിന്നും ഒരു ബൈസിക്കിൾ കിക്കിലൂടെ പകരക്കാരനായി ഇറങ്ങിയ എഡ്‌വേഡ്‌ ബെല്ലോ വലയിലേക്ക് എത്തിക്കുമ്പോൾ ഗോൾകീപ്പറായ എഡേഴ്‌സൻ അനങ്ങുക പോലും ചെയ്‌തില്ല.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിജയം നേടിയ ബ്രസീൽ സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഒന്നാം സ്ഥാനത്താണ് നിന്നിരുന്നത്. എന്നാൽ വെനസ്വലക്കെതിരെ സമനില വഴങ്ങിയതോടെ ബ്രസീൽ രണ്ടാം സ്ഥാനത്തേക്ക് വീണിട്ടുണ്ട്. മൂന്നിൽ മൂന്നു മത്സരങ്ങളിലും വിജയം നേടിയ അർജന്റീനയാണ് ഒന്നാമത് നിൽക്കുന്നത്. അടുത്ത മത്സരത്തിൽ ബ്രസീൽ യുറുഗ്വയെയും അർജന്റീന പെറുവിനെയുമാണ് യോഗ്യത മത്സരത്തിൽ നേരിടുന്നത്.

Brazil Held Draw Against Venezuela